അമേരിക്ക നാളെ വിധിയെഴുതും
വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നത് ഉറ്റുനോക്കുകയാണ് ലോകം. നിര്‍ണായക സംസ്ഥാനങ്ങളില്‍ കമല ഹാരിസിന് നേരിയ ലീഡ് മാത്രമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേയും പറയുന്നു.
വാശിയേറിയ പോരാട്ടമാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലവും മാറി മറിയുകയാണ്. ന്യൂയോര്‍ക്ക് ടൈംസ് ഇന്ന് പുറത്തുവിട്ട സര്‍വേ അനുസരിച്ച് ഏഴ് നിര്‍ണായക സംസ്ഥാനങ്ങളില്‍ നാലിടത്ത് കമല ഹാരിസിന് നേരിയ മുന്‍തുക്കമുണ്ട്. നെവാഡ, നോര്‍ത്ത് കാരലൈന, വിസ്‌കോണ്‍സിന്‍, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ ആണ് കമല ഹാരിസിന് നേരിയ മുന്‍തൂക്കമുള്ളത്. മിഷിഗന്‍, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ഇരുസ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പമാണ്. അരിസോണയില്‍ ഡോണള്‍ഡ് ട്രംപിന് നേരിയ മുന്‍തൂക്കമുണ്ട്. അവസാന ദിവസങ്ങളില്‍ ട്രംപ് നില മെച്ചപ്പെടുത്തി എന്നാണ് സര്‍വേ നല്‍കുന്ന സൂചന. 16 കോടിയിലേറെ വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ മുന്‍കൂട്ടി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ മുതല്‍ ഫലം അറിഞ്ഞുതുടങ്ങും.