അമിത് ഷാ രാജിവയ്ക്കണമെന്ന്, ഖാർഗെ; ബിജെപിയുടെ നിലപാട് അംബേദ്കർ വിരുദ്ധമെന്ന്; രാഹുൽ ഗാന്ധി
ഡൽഹി: ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അംബേദ്‌കർ വിരുദ്ധ നിലപാടിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞു. പാർലമെൻ്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോഴും തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കൊപ്പമാണ് രാഹുൽ വാർത്താസമ്മേളനത്തിനെത്തിയത്.ബിജെപി അംബേദ്‌കറെ അപമാനിച്ചുവെന്ന് ഖാർഗെ പറഞ്ഞു. സഭ നടത്താൻ പരമാവധി സഹകരിച്ചു. അമിത് ഷായുടെ പ്രസംഗം ഒരിക്കലും അംഗീകരിക്കാനാവില്ല. വാക്കുകൾ നിന്ദ്യമാണ്. തെറ്റ് പറ്റിയെന്ന് സമ്മതിക്കാൻ അമിത് ഷാ തയ്യാറല്ല. പ്രധാനമന്ത്രിയും അമിത് ഷാക്കൊപ്പമാണ്. അമിത് ഷാ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ല. അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തിയതെന്നും ശ്രദ്ധ തിരിക്കാൻ പല കാര്യങ്ങളും ബിജെപി ചെയ്യുന്നുണ്ടെന്നും ഖാർഗെ പറഞ്ഞു.
ഇന്ന് സമാധാനപരമായാണ് മാർച്ച് നടത്തിയത്. പുരുഷ എംപിമാർ അവരുടെ മസിൽ പവർ കാട്ടുകയായിരുന്നു. വനിത എംപിമാരോടും ബലപ്രയോഗം നടത്തി. തന്നെയും പിടിച്ചു തള്ളി. കോൺഗ്രസ് എംപിമാർ ആരെയും കൈയേറ്റം ചെയ്തിട്ടില്ല. ബിജെപി വ്യാജ പ്രചാരണം നടത്തുകയാണ്. ബിജെപി എംപിമാരുടെ കൈയേറ്റത്തിൽ വീണു. തന്റെ മുട്ടിന് പരിക്കേറ്റുവെന്നും സഭക്കുള്ളിലും തെറ്റായ കാര്യങ്ങൾ പറഞ്ഞുവെന്നും ഖാർഗെ പറഞ്ഞു.