സര്‍വകക്ഷി യോഗം വിളിച്ച് മുനമ്പം ഭൂമി പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം; പ്രതിപക്ഷ നേതാവ്
പാലക്കാട്: മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏറ്റവും വേഗത്തില്‍ പരിഹരിക്കാവുന്ന വിഷയമാണിത്. വിഷയം ഉണ്ടാക്കിയതു തന്നെ സര്‍ക്കാരാണ്. 95-ല്‍ വഖഫ് ആക്ട് വന്നതു കൊണ്ടാണ് ഈ ഭൂമി പ്രശ്‌നമുണ്ടാതയതെന്ന പ്രചരണമാണ് നടക്കുന്നതെന്നും സതീശൻ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. 2021 വരെ 26 വര്‍ഷം ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നിലവിലെ വഖഫ് ബോര്‍ഡ് നികുതി സ്വീകരിക്കേണ്ടെന്ന് റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഈ പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാക്കാന്‍ സാധിക്കില്ല. വഖഫ് ഭൂമിയില്‍ ഒരു കണ്ടീഷനും പാടില്ല. ഫറോഖ് കോളജ് മാനേജ്‌മെന്റിന് പണം നല്‍കിയാണ് ഭൂമി വാങ്ങിയിരിക്കുന്നത്. പണം വാങ്ങി നല്‍കിയ ഭൂമി വഖഫ് ആകില്ല. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഈ ഭൂമി വഖഫ് ആണെന്ന് ആദ്യമായി പറഞ്ഞത്. ആഴത്തില്‍ പഠിച്ചിട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആഴത്തില്‍ പഠിക്കാതെ എന്ത് റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ വഖഫ് ബോര്‍ഡ് ഈ ഭൂമിയില്‍ അവകാശം ഉന്നയിക്കില്ലെന്ന നിലപാടെടുത്തു. വീണ്ടും അധികാരത്തില്‍ എത്തിയ എല്‍.ഡി.എഫ് സര്‍ക്കാരാണ് 2021-ല്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കിയത്. വഖഫ് ബോര്‍ഡ് കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് അടിയന്തിരമായി പിന്‍വലിക്കണം. ഇതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. ജനങ്ങളെ കുടിയിറക്കരുതെന്നാണ് കേരളത്തിലെ എല്ലാ മുസ്ലീം സംഘടനകളും ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് അത് വര്‍ഗീയ പ്രശ്നമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സഘ്പരിവാര്‍ ഈ വിഷയത്തെ ഉപയോഗിച്ച് കേരളത്തില്‍ വര്‍ഗീയമായ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഇരകളായി ആരും മാറരുത് വി.ഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണം. പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും. വരാനിരിക്കുന്ന തലമുറകള്‍ക്ക് പോലും പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ നിയമപരമായ അവകാശം സ്ഥാപിച്ചു കൊടുക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അല്ലാതെ നിയമ മന്ത്രി പറഞ്ഞതു പോലെ ഈ വിഷയത്തില്‍ ഒരു സങ്കീര്‍ണതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് വിഷയം എളുപ്പത്തില്‍ തീര്‍ക്കാം. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. ആര്‍ക്കും എതിര്‍പ്പ് ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് എന്താണ് പ്രശ്നമൊന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പാണക്കാട് സാദിഖ് അലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്താണ് മുസ്ലീം സംഘടകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ പറ്റില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹംപറഞ്ഞു.