രത്തന്‍ ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്ന് ആനന്ദ് മഹീന്ദ്ര
ന്യൂഡല്‍ഹി; വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. രത്തന്‍ ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്ന് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രപരമായ വളര്‍ച്ചയില്‍ എത്തി നില്‍ക്കുകയാണ്. അതില്‍ രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.
വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച രത്തന്‍ ടാറ്റയുടെ മരണം അല്‍പ സമയം മുന്‍പ് മുംബൈയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ നാല് ദിവസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.
ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖന്‍ കൂടിയാണ് രത്തന്‍ടാറ്റ. ജെ ആര്‍ ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് ജനനം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി.
1991 ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതി െനത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍ ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു. വിദേശസര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.