മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഗുവാഹട്ടി: അസമിലെ അരുണാചല്‍ അതിര്‍ത്തി മേഖലയായ ടിന്‍സുകിയയില്‍ കല്‍ക്കരി ഖനനത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് റാറ്റ് ഹോള്‍ മൈനേഴ്‌സ് കുടുങ്ങി. ഇവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം.
കുടുങ്ങിക്കിടക്കുന്ന രണ്ട് തൊഴിലാളികള്‍ മേഘാലയ സ്വദേശികളും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്. ആകെ ഏഴ് തൊഴിലാളികളായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. മൂന്ന് പേര്‍ മണ്ണില്‍ ചെറിയ മാളമുണ്ടാക്കി അതില്‍ നൂണ്ടുകയറി ഖനനം ചെയ്തപ്പോള്‍, പുറത്തുള്ളവര്‍ കല്‍ക്കരി മറ്റുസ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് മണ്ണിടിഞ്ഞ് മാളം മൂടിയത്.
മണ്ണില്‍ എലിമാളം പോലെയുള്ള ചെറിയ തുരങ്കങ്ങളുണ്ടാക്കി അതില്‍ കയറി ഖനനം നടത്തുന്നവരെയാണ് റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്ന് വിളിക്കുന്നത്. വളരെയേറെ അപകട സാധ്യതയുള്ള പ്രവൃത്തിയായതിനാല്‍ രാജ്യത്ത് ഇത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചെലവ് കുറഞ്ഞ രീതിയായതിനാല്‍ നിയമംലംഘിച്ചും വന്‍തോതില്‍ ഇത്തരം ഖനനം നടക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ അകത്ത് കുടുങ്ങിയപ്പോള്‍ ഇവരെ രക്ഷപ്പെടുത്താന്‍ നിയോഗിച്ചത് റാറ്റ് ഹോള്‍ മൈനര്‍മാരെയായിരുന്നു. രണ്ടരയടി വ്യാസമുള്ള കുഴലുകളില്‍പ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റര്‍വരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുന്നവരാണ് റാറ്റ് ഹോള്‍ മൈനേഴ്സ്. എലികള്‍ തുരക്കുന്നതിനു സമാനമായാണ് ഇവരും ദുര്‍ഘടംപിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത്. അതുകൊണ്ടാണ് 'റാറ്റ്-ഹോള്‍ മൈനേഴ്‌സ്' അഥവാ 'എലിമട ഖനന തൊഴിലാളികള്‍' എന്ന് വിളിക്കപ്പെടുന്നത്.