അന്നയുടെ മരണം പുത്തന്‍കാലഘട്ടത്തിന്റെ തൊഴില്‍ ചൂഷണത്തിന് ഉത്തമ ഉദാഹരണം: ആര്‍.ചന്ദ്രശേഖരന്‍
ആലപ്പുഴ: അന്നയുടെ മരണം പുതിയ കാലഘട്ടത്തില്‍ നില നില്‍ക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ തെളിവാണെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. കുറഞ്ഞ വേതനം, കൂടുതല്‍ സമയം എന്ന പുത്തന്‍ തൊഴില്‍ നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും, ചൂഷണത്തിന് വിധേയരാകുന്ന പുതിയ തലമുറയ്ക്കായി ഐ.എന്‍.റ്റി.യു.സി ശക്തമായ നിലപാട് എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.റ്റി മേഖല, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല, ഡയറക്ട് മാര്‍ക്കറ്റിംഗ്, ഗിഗ് വര്‍ക്കേഴ്സ്, ഹരിതകര്‍മ്മ സേന തുടങ്ങിയ മേഖലകളില്‍ യൂണിയനുകള്‍ ആരംഭിക്കുമെന്നും, യുവ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബൈജു,ഐ.എന്‍.റ്റി.യു.സി നേതാക്കളായ ബാബു ജോര്‍ജ്, പി.ഡി.ശ്രീനിവാസന്‍, അശോക് മാത്യൂസ്, അശോക് ചിങ്ങോലി, കെ.ആര്‍.രഞ്ജിത്, ജയകൃഷ്ണന്‍, അരുണ്‍ദേവ്, കണ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍, മുഹമ്മദ് ഹാഷിം,സിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.