Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തിരയൊടുങ്ങും മുമ്പ്മറ്റൊരു പ്രഹരം

03:14 PM Jan 18, 2024 IST | veekshanam
Advertisement

നിരീക്ഷകന്‍ഗോപിനാഥ് മഠത്തില്‍

Advertisement

എം.ടിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രീയകേരളം സഞ്ചരിക്കുന്നത്. വാക്കുകളാകുന്ന അമ്പുകള്‍ ചെന്നു തറയ്ക്കേണ്ട വ്യക്തി വേദിയില്‍ സന്നിഹിതനായിരിക്കുമ്പോഴാണ് എം.ടി ആചാരോപചാരമായ നേതൃത്വപൂജകളില്‍ താല്‍പ്പര്യമില്ലാത്ത ഇ.എം.എസ്സിനേയും അത് ഏറെ ഇഷ്ടമുള്ള പുതിയ സി.പി.എം നേതൃനിരയേയും താരതമ്യപ്പെടുത്തി സംസാരിച്ചത്. സമൂഹത്തിന്‍റെ സ്വാതന്ത്ര്യത്തേയും വികാസത്തെയും പറ്റി എന്നോ രൂപംകൊണ്ട ചില പ്രമാണങ്ങളില്‍ മുറുകെപ്പിടിക്കുന്നവരെ കാലം പിന്തള്ളന്നുവെന്ന് എം.ടി പറഞ്ഞത് ചരിത്രം കമ്മ്യൂണിസ്റ്റു ദുഷ്പ്രഭുത്വത്തെ തൂത്തെറിഞ്ഞ തെളിവുകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ്. എത്രയെത്ര കമ്മ്യൂണിസ്റ്റു രാജ്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനൊടുവില്‍ ഫാസിസ്റ്റ് അടിച്ചമര്‍ത്തല്‍ നയങ്ങളുടെ ഫലമായി വിസ്മൃതമാക്കപ്പെട്ടത്. കമ്മ്യൂണിസം കാലത്തിന് അനുയോജ്യമായ നദിപോലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഒഴുകുന്നതിനുപകരം കെട്ടിക്കിടക്കുന്ന ജലാശയമായി മാറിയാല്‍ ഒരേ ആകാശത്തിന്‍റെയും മരങ്ങളുടേയും നിഴല്‍ മാത്രമേ അതില്‍ പതിക്കുകയുള്ളു. അങ്ങനെ ദുര്‍വൃത്തമായ സാഹചര്യത്തില്‍ അധികാരം ദുഷിച്ചതിന്‍റെ ഫലമാണ് ദശകങ്ങള്‍ക്കിപ്പുറം ചരിത്രത്താളുകളില്‍നിന്നും പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും അടപടലേ കൊഴിഞ്ഞുമറഞ്ഞത്. കാലക്കേടിന് കേരളത്തിന്‍റെ മുഖ്യമന്ത്രി ആ പാഠങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാതെ ഏഴരവര്‍ഷമായി ഒരേ ഭരണജല വൃത്തത്തില്‍ ഫാസിസ്റ്റു മുഖഛായയോടെ അടിച്ചമര്‍ത്തല്‍ നയങ്ങളും ധനസ്വാര്‍ത്ഥാഭിനിവേശവുമായി സ്തുതിപാഠകരുടെ നടുവില്‍ അഭിരമിച്ചങ്ങനെ ഭരിച്ചുകൊഴുക്കുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഒരുതരം കമ്മ്യൂണിസ്റ്റുമാരുടെ മാടമ്പിത്തഭരണമാണ്. ഇതിനു ഘടകവിരുദ്ധമായ പ്രവര്‍ത്തനശൈലിയായിരുന്നു ഇ.എം.എസ്സിന്‍റേതെന്നായിരുന്നു എം.ടി തന്‍റെ പരിമിതമായ കാഴ്ചപ്പാടില്‍നിന്ന് പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ പഴയകാല അനുഭവങ്ങള്‍ക്ക് തീച്ചൂട്ടുപിടിക്കുന്നവയായിരുന്നു. അതിന്‍റെ വെളിച്ചത്തില്‍ ഇ.എം.എസ്സില്‍നിന്ന് പിണറായിയിലേക്കുള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലകുറഞ്ഞ സങ്കല്‍പ്പങ്ങളും വ്യക്ത്യാരാധനയും എത്രമാത്രം സാമൂഹിക- രാഷ്ട്രീയ അന്തരീക്ഷത്തെ വിഷലിപ്തമാക്കി എന്ന തിരിച്ചറിവാണ് പ്രസ്തുത പാര്‍ട്ടിയുടെ ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിത്തീര്‍ന്നത്.
സത്യത്തില്‍ കമ്മ്യൂണിസ്റ്റു ഭരണകര്‍ത്താവെന്ന നിലയില്‍ പിണറായി ഒരു ഭാഗ്യവാന്‍ തന്നെയാണ്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ഇടവലം നിന്ന് അദ്ദേഹത്തെ എന്തോരം വാക്കുകള്‍ കൊണ്ടാണ് അടുത്തകാലത്ത് വ്യക്തിപൂജ ചെയ്തത്. ഗോവിന്ദന് പിണറായി സൂര്യപ്രഭാ തുല്യമായ വ്യക്തിത്വ സവിശേഷതയുള്ളയാളാണ്. ഇ.പി. ജയരാജന്‍ പ്രത്യക്ഷത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വ്യക്ത്യാരാധനയെ അംഗീകരിക്കുന്നവരല്ലെന്ന് പറഞ്ഞെങ്കിലും തനിക്കും മറ്റു പലര്‍ക്കും അദ്ദേഹം മഹാനാണെന്ന് പറയുകയും ആ മാഹാത്മ്യത്തെ ഭരണരംഘത്തും സംഘടനാരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അസാമാന്യ പ്രതിഭാവിശേഷവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. സി.പി.എമ്മിന്‍റെ സ്വത്വരൂപീകരണത്തില്‍ പിണറായിക്ക് നല്ല പങ്ക് മുന്‍കാലങ്ങളില്‍ അവകാശപ്പെടാന്‍ കഴിയുമെങ്കിലും പാര്‍ട്ടിയുടെ പുതിയ സാഹചര്യത്തില്‍ എല്ലാം താളപ്പിഴയായൊടുങ്ങുന്നു എന്നതാണ് നിഷേധിക്കാനാകാത്ത സത്യം. കുറേ കിന്നരഗന്ധര്‍വ്വന്മാര്‍ക്ക് ചുറ്റും ഇല്ലാത്ത അപദാനപ്പുകഴ്ത്തല്‍ കേട്ട് വൃഥാ അമരുകയെന്നതിനപ്പുറം ഭരണതലത്തില്‍ താനൊരു വലിയ വട്ടപൂജ്യമാണെന്ന് ഇതിനകം എത്രയോ തവണ അദ്ദേഹം തെളിയിച്ചിരിക്കുന്നു. പുകഴ്ത്തല്‍ തൊഴിലാളികള്‍ പാര്‍ട്ടി ശരീരത്തിന്‍റെ ഭാഗമായതുകൊണ്ട് നിഷേധവാക്കുകള്‍ പറയാത്തത് ഉദരനിമിത്തം എന്ന മഹത് സത്യം മുന്നിലുള്ളതുകൊണ്ടുമാത്രമാണ്. അതുകൊണ്ടാണ് ഇ.പി. ജയരാജന്‍, അയ്യങ്കാളി, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, എ.കെ.ജി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം പിണറായിയുടെ ചിത്രവും ആദരവോടെ വയ്ക്കണമെന്നു പറയുന്നത്. ഹാ കഷ്ടം എന്നല്ലാതെ ഇ.പിയെപ്പറ്റി എന്തു പറയാന്‍. മാത്രമല്ല അദ്ദേഹം എം.ടിയുടെ പ്രസംഗത്തെ ബോധപൂര്‍വ്വം മറ്റൊരു സ്വേച്ഛാധിപ ഭരണകര്‍ത്താവായ മോദിയിലേയ്ക്ക് വഴിതിരിച്ചുവിടാനും ശ്രമം നടത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിനെതിരെയുള്ള കുന്തമുനയാണ് എം.ടിയുടെ പ്രസംഗമെന്നും ഇടത് വിരുദ്ധതയുള്ളവര്‍ അത് സി.പി.എമ്മിനെതിരെ പ്രചരിപ്പിക്കുകയാണെന്നുമാണ് ഇ.പിയുടെ കണ്ടെത്തല്‍. എം.ടിയുടെ ഇ.എം.എസ് പരാമര്‍ശം ബി.ജെ.പി ഭരണനേതൃത്വവുമായി എത്രമാത്രം ചേര്‍ച്ചയുണ്ടെന്ന് പറഞ്ഞുതരാനും ഇ.പിയെക്കൊണ്ടേ കഴിയു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹമത് മുഴുവനാക്കാതെ പാതിവഴിയില്‍ പിന്മാറുകയും ചെയ്തു. ഏതായാലും ഈ വിഷയം എം.എം. മണിയില്‍ ചെന്നെത്താതിരുന്നത് ഭാഗ്യം. കാരണം മണി സി.പി.എമ്മിലെ ഒരു റഫ് ഡിഫെന്‍ററാണ്.
ഏതായാലും സാംസ്ക്കാരിക രാഷ്ട്രീയതലങ്ങളില്‍ ഒരു ഓളം സൃഷ്ടിക്കാന്‍ എം.ടിയുടെ പ്രസംഗത്തിനുകഴിഞ്ഞു. ഒരുപാടുപേര്‍ അതിന്‍റെ അലകള്‍ ഒടുങ്ങാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സി.പി.എം. ആഗ്രഹിക്കുന്നത് തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ കടല്‍ ശാന്തമായി കാണാനാണ്. എന്നിട്ടുവേണം ഇരയെക്കൊരുത്ത ചൂണ്ടയുമായി എം.പി. മാര്‍ കൊത്തുന്നതും കാത്ത് ജനാധിപത്യ തിരപ്പുറത്ത് തോണിയിറക്കാന്‍.

വാല്‍ക്കഷ്ണം
എ.വിം. ഗോവിന്ദനും ഇ.പി. ജയരാജനും എന്തു ന്യായീകരണം പറഞ്ഞാലും സി.പി.എമ്മിന്‍റെ ഹൃദയത്തില്‍ നീറ്റല്‍ സൃഷ്ടിച്ച വാക്കുകളാണ് എം.ടി പറഞ്ഞത്. അതൊന്ന് ആറിത്തണുക്കും മുമ്പേ ഇതാ മറ്റൊരു രാഷ്ട്രീയ പ്രഹരം. മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്‍റെ കമ്പനിക്കെതിരെയുള്ള കേന്ദ്രാന്വേഷണമാണ് പുതിയ പ്രതിസന്ധി. ഇത് ഇ.ഡി അന്വേഷണസാധ്യതകളിലേയ്ക്കും വഴി തുറക്കുമെന്ന് അറിയുന്നു. കേന്ദ്ര കോര്‍പ്പറേറ്റു കാര്യമന്ത്രാലയം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്തിയാല്‍, അടുത്ത വെട്ടം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്‍റേതാകും. ഈ ഏജന്‍സി ഫയല്‍ ചെയ്യുന്ന പ്രോസിക്യൂഷന്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ്സെടുക്കുക. ഏതായാലും വീണാ വിജയനും അച്ഛനും
എത്രമാത്രം ഉപ്പുതിന്നിട്ടുണ്ടെന്ന് കാത്തിരുന്ന് കാണേണ്ട വിഷയമാണ്.


Advertisement
Next Article