ജനകീയ ഹോട്ടലുകള്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ പ്രഹരം : അരിയും സബ്‌സിഡിയും നിര്‍ത്തലാക്കി
കൊച്ചി: സാധാരണക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഊണു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് മരണമണി മുഴങ്ങുന്നു. സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും എന്ന ലക്ഷ്യത്തോടെ കുടുംബശ്രീകള്‍ക്കായി നല്‍കുകയായിരുന്നു ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ്. ആദ്യം സബ്‌സിഡി നിര്‍ത്തലാക്കി. പിന്നാലെ അരിയും. ഇതോടെ ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണിപ്പോള്‍. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാറില്‍നിന്ന് ലക്ഷങ്ങളാണ് കുടുംബശ്രീകള്‍ക്ക് കിട്ടാനുള്ളത്. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി വിലയില്‍ നല്‍കിയിരുന്ന അരി നിര്‍ത്തലാക്കുകയായിരുന്നു സര്‍ക്കാര്‍.
ഊണിനു സര്‍ക്കാര്‍ നല്‍കിയിരുന്ന 10 രൂപ സബ്സിഡിയാണ് നിര്‍ത്തലാക്കിയത്. അരിവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പൂട്ടേണ്ട ഗതിയിലാണ് കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി തുടങ്ങി മിക്ക പഞ്ചായത്തിലെയും കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. കിലോക്ക് 40 രൂപക്ക് മുകളിലായി ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 35 രൂപയ്ക്ക് ഊണ് നല്‍കാന്‍. പണമടച്ചു അരിവാങ്ങാന്‍ എത്തിയപ്പോഴാണ് സബ്സിഡി അരി നിര്‍ത്തലാക്കിയെന്ന് മിക്കവരും അറിയുന്നത്.
കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയ ഊണിന്റെ സബ്സിഡി ഇനത്തിലും ലക്ഷങ്ങളാണ് കിട്ടാനുള്ളത്. ഇതോടെ കടത്തിന് മുകളില്‍ കടത്തിലാണിവര്‍. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയില്‍ ജനകീയ ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് കുടുംബശ്രീ വനിതകള്‍ പറയുന്നു.
അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോള്‍ ഊണിനു വിലകൂട്ടാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സാധാരണക്കാരന് ഇത് താങ്ങാനാവില്ലെന്ന് ജനകീയ ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ചള ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ നിരവധി കുടുംബശ്രീ വനിതകളെ കടക്കെണിയിലാക്കി അവസാനത്തെ ഷട്ടറിനും പൂട്ടുവീണു കൊണ്ടിരിക്കുകയാണ്.