പാലക്കാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം ഔദ്യോഗിക നേതൃത്വത്തിനെതിരെ പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കോൺഗ്രസിൽ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിൻ്റെയും നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചു ചേർത്തത്. കൺവെൻഷനിൽ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനമാണ് പ്രവർത്തകർ ഉന്നയിച്ചത്.
യഥാർത്ഥ പ്രവർത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുകയാണെന്നും പ്രവർത്തകർ ആഞ്ഞടിച്ചു. ''കോൺഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയിൽ തുടർച്ചയായ രണ്ട് തവണയാണ് സിപിഐഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങൾ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാർഷ്ട്യവും അടിച്ചേൽപ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.'; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് പറഞ്ഞു. നേരത്തെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറും ഇത്തരത്തിൽ പാർട്ടിക്കെതിരെ രംഗത്തുവന്നിരുന്നു.