റേഡിയോ കോളര്‍ ഘടിപ്പിച്ച മറ്റൊരു കാട്ടാനകൂടി വയനാട്ടില്‍
മാനന്തവാടി: റേഡിയോ കോളര്‍ ഘടിപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള കാട്ടാനയെ വയനാട്ടില്‍നിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിനു പിന്നാലെ റേഡിയോ കോളര്‍ ഘടിപ്പിച്ച മറ്റൊരു കാട്ടാനകൂടി വയനാട്ടില്‍. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജനുവരി അഞ്ചിന് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലും മൂന്നു ദിവസം മുമ്പ് സൗത്ത് വയനാട് ഡിവിഷനിലെ പാതിരി സെക്ഷനിലുമാണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കര്‍ണാടക ഹാസനില്‍നിന്ന് പിടികൂടിയ 40 വയസ്സുള്ള മോഴയാനയാണ് ഇത്. ആനയുണ്ടെന്ന് മനസ്സിലായ അന്നുതന്നെ വിവരങ്ങള്‍ കൈമാറണമെന്നും ആന്റിനയും റിസീവറും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യ വനപാലകന് കത്തുനല്‍കിയെങ്കിലും ഒരു മാസം പിന്നിട്ടിട്ടും വിവരങ്ങള്‍ കൈമാറിയില്ലെന്നാണ് സൂചന. കര്‍ണാടക വനംവകുപ്പ് ഇക്കാര്യത്തില്‍ സഹകരിക്കാത്തത് കേരള വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഹാസനില്‍നിന്ന് മാത്രം 23 ആനകളെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍പെട്ട തണ്ണീര്‍ക്കൊമ്പന്‍ എന്ന കാട്ടാനയാണ് മാനന്തവാടി നഗരത്തോടു ചേര്‍ന്ന ചതുപ്പില്‍ കഴിഞ്ഞ ദിവസം എത്തിയത്. പിന്നീട് മയക്കുവെടിവെച്ച് പിടികൂടി ബന്ദിപ്പൂരില്‍ എത്തിച്ചെങ്കിലും ചെരിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാനയും വയനാടന്‍ കാടുകളില്‍ എത്തിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം, മയക്കുവെടിവെച്ച കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മാനന്തവാടിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു