For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൂടത്തായി കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി; കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി

04:35 PM Jan 10, 2024 IST | Online Desk
കൂടത്തായി കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി  കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി
Advertisement

കൂടത്തായി റോയ് തോമസ് വധക്കേസില്‍ ഒരു സാക്ഷികൂടി പ്രതിഭാഗത്തേക്ക് കൂറുമാറി. അറുപതാംസാക്ഷിയും കേസിലെ മൂന്നാംപ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയില്‍ ശരണ്യയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്.പ്രജികുമാറിന്റെ കുറ്റസമ്മതമൊഴിപ്രകാരം താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വര്‍ക്സ് എന്ന സ്ഥാപനത്തില്‍നിന്നും പോലീസ് സയനൈഡ് കണ്ടെടുത്തിരുന്നു. രണ്ടാംപ്രതി എം.എസ്. മാത്യു, പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴിനല്‍കിയിരുന്നു.

Advertisement

അറസ്റ്റിനുശേഷം പോലീസ് പ്രജികുമാറിനെയുമായി വന്നപ്പോള്‍ താന്‍ നല്‍കിയ താക്കോലുപയോഗിച്ച് കടതുറന്നു പ്രജികുമാര്‍ സയനൈഡ് എടുത്ത് പോലീസിന് നല്‍കിയിരുന്നുവെന്നും ശരണ്യ പോലീസില്‍ മൊഴിനല്‍കിയിരുന്നു. പ്രജികുമാറിന്റെ കടയില്‍നിന്നും സയനൈഡ് കണ്ടെടുത്തതിന്റെ പരിശോധനപ്പട്ടികയില്‍ സാക്ഷിയായിരുന്നു ശരണ്യ. കൂറുമാറിയതിനെത്തുടര്‍ന്ന് പ്രോസിക്യൂഷനുവേണ്ടിയുള്ള ക്രോസ് വിസ്താരത്തില്‍ പട്ടികയിലെ ഒപ്പ് തന്റേതാണെന്ന് ശരണ്യ സമ്മതിച്ചു.
അന്വേഷണസംഘത്തില്‍ അംഗമായ കണ്ണൂര്‍ ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 150-ാം സാക്ഷി എ.പി. വിനീഷ് കുമാറിനെയും കോടതിയില്‍ വിസ്തരിച്ചു. ഒന്നാംപ്രതി ജോളിയുടെ ഇടുക്കി ജില്ലയിലെ തറവാട്ടുവീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നുവെന്നും ജോളി പഠിച്ച വാഴവര സെയ്ന്റ് മേരീസ് ഹൈസ്‌കൂളില്‍നിന്ന് അഡ്മിഷന്‍ രജിസ്റ്ററും ടി.സി. കൗണ്ടര്‍ഫോയലും ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചുവെന്നും വിനീഷ് കുമാര്‍ മൊഴിനല്‍കി. ജോളി ബി.എഡിന് പഠിച്ചിട്ടുണ്ടോ എന്നറിയാന്‍ പാലാ സെയ്ന്റ് തോമസ് ടീച്ചേഴ്സ് എജുക്കേഷന്‍ കോളേജില്‍ പോയി അന്വേഷണംനടത്തിയെന്നും ജോളി ജോസഫ് ആ കോളേജില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു. അതുസംബന്ധിച്ച് പ്രിന്‍സിപ്പലില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും സാക്ഷി മാറാട് പ്രത്യേകകോടതി ജഡ്ജി എസ്.ആര്‍. ശ്യാംലാല്‍ മുമ്പാകെ മൊഴിനല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. അന്വേഷണസംഘത്തിലെ അംഗമായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.കെ. ബിജുവിനെ വ്യാഴാഴ്ച കോടതിയില്‍ വിസ്തരിക്കും

Author Image

Online Desk

View all posts

Advertisement

.