കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സർക്കാർ ; അച്ചു ഉമ്മൻ
ഇന്ത്യ വളരെ ആകാംഷയോടെ വീക്ഷിക്കുന്ന തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുകയാണെന്നും വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടെ തെരഞ്ഞെടുപ്പിനെ സമീപിക്കണമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സർക്കാരുകളാണ്, കേരളത്തിൽ ഒരു സാധാരണക്കാരന് ജീവിക്കാൻ ഏറെ ബുദ്ധിമുട്ടാണ്.
51 വെട്ടേറ്റ ടി പി ചന്ദ്രശേഖരൻ്റെ മുഖം ഓർമ്മയിൽ വരുന്നെന്നും അവിടം കൊണ്ടും നിങ്ങളുടെ കൊലവിളി തീർന്നോ ? ശുഹൈബിന്റെ കൊലപാതകം ഓർമയില്ലേ ? കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകങ്ങൾ ഓർമയില്ലേ? ആൾക്കൂട്ട വിചാരണ ചെയ്ത നിങ്ങൾ കൊന്ന അരിയിൽ ഷുക്കൂറിന്റെ കഥ നിങ്ങൾക്ക് ഓർമയില്ലേ? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് അച്ചു സംസാരിച്ചത്. കൂടാതെ ഈ അക്രമ രാഷ്ട്രീയത്തിന്റെ പരമ്പരയാണ് പൂക്കോട് നടന്ന സിദ്ധാർത്ഥന്റെ കൊലപാതകമെന്നും മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുന്നത് സങ്കടകരമാണ്. ആ മാതാപിതാക്കൾക്ക് ഈ അവസ്ഥ വരുത്തിവെച്ചത് സർക്കാരാണെന്നും അച്ചു കുറ്റപ്പെടുത്തി.
കുട്ടി സഖാക്കൻമാരെ ഇങ്ങനെ അഴിച്ച് വിട്ടാൽ നാളെ ഇവരുടെ കയ്യിലേക്കാണ് കേരളത്തിന്റെ ഭാവി വന്നുചേരുന്നതെങ്കിൽ അവസ്ഥ എന്തായിരിക്കുമെന്നും ഇതുപോലെ അക്രമങ്ങൾ നടത്താനുള്ള ലൈസൻസ് ഇവർക്ക് ആരാണ് നൽകിയതെന്നും ഈ അക്രമ രാഷ്ട്രീയത്തിന് അവസാനമുണ്ടാകുന്നതെന്നാണെന്നും അച്ചു ചോദിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാർ അതിജീവിതയ്ക്ക് ഒപ്പമല്ല ക്രിമിനലുകൾക്ക് ഒപ്പമാണെന്നും അച്ചു കൂട്ടിച്ചേർത്തു. പത്തനംതിട്ട മല്ലപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ.