അന്‍വര്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്ത്: അന്‍വറുമായി പാര്‍ട്ടിക്ക് ഇനി ബന്ധമില്ലെന്ന് എം.വി. ഗോവിന്ദന്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയ പി.വി. അന്‍വര്‍ എം.എല്‍.എയെ എല്‍.ഡി.എഫില്‍നിന്ന് പുറത്താക്കി.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന കാര്യം വ്യക്തമാക്കിയത്. അന്‍വറുമായി ഇനി പാര്‍ട്ടിക്ക് ബന്ധമില്ല. പരാതിക്ക് എല്ലാ പരിഗണന നല്‍കിയിട്ടും അന്‍വര്‍ പരസ്യ ആരോപണം തുടര്‍ന്നതായും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
അന്‍വറിനെതിരെ സഖാക്കളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ല. സാധാരണക്കാരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടല്ല അന്‍വര്‍ സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ സംഘടന രീതിയും നയവും അറിയില്ല. ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചശേഷമാണ് പരാതി നല്‍കിയത്. അന്‍വര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമല്ല, പാര്‍ലമെന്ററി അംഗം മാത്രമാണ്. മുഖ്യമന്ത്രുയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആദ്യം പരാതിയുണ്ടായിരുന്നില്ല. പിന്നീടാണ് പരാതി നല്‍കിയത്. പരസ്യ നിലപാട് ആവര്‍ത്തിക്കരുതെന്ന് പലതവണ ഓര്‍മപ്പെടുത്തിയിട്ടും അന്‍വര്‍ അച്ചടക്കം ലംഘിച്ചു. അന്‍വറിന്റെ പരാതി പരിശോധിക്കാതിരിക്കുകയോ, കേള്‍ക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
പാര്‍ട്ടി അംഗമല്ലാതിരിന്നിട്ടും എല്ലാ പരിഗണനയും പാര്‍ട്ടി അന്‍വറിന് നല്‍കി. അന്വേഷണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ആ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും അറിയിച്ചു. എന്നാല്‍, പാര്‍ട്ടി നല്‍കിയ ഉറപ്പ് വിശ്വാസത്തിലെടുക്കാതെ പരസ്യമായി വാര്‍ത്താസമ്മേളനം നടത്തുകയാണ് അന്‍വര്‍ ചെയ്തതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.