ജഡ്ജി നിയമനം; ജഡ്ജിമാരുടെ ബന്ധുക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന മാനദണ്ഡം വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ബന്ധുക്കള്‍ക്ക് ജഡ്ജിമാരാകാന്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന നിര്‍ദേശവുമായി കൊളീജിയം. സുപ്രീംകോടതി കൊളീജിയത്തിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ട്.
പുതിയ നിർദേശത്തെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ അഭിഷേക് മനു സിംഘ്വി ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചു. പ്രമുഖ അഭിഭാഷകരുടെയോ ജഡ്ജിമാരുടെയോ അടുത്തബന്ധുക്കളല്ലാത്ത ഒന്നാംതലമുറ അഭിഭാഷകര്‍ക്ക് ജഡ്ജി നിയമനത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് കൊളീജിയത്തിന്റെ പുതിയ നിർദേശം. ജഡ്ജിമാരുടെ ബന്ധുവാണെന്ന ഒറ്റക്കാരണത്താല്‍ പരിഗണിക്കപ്പെടാതെ ഇരിക്കുന്നതും നീതികേടാകുമെന്നത് കൊളീജിയത്തിലും പുറത്തും ചർച്ചാവിഷയമായിരുന്നു.
അഭിഭാഷകരെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയും ജഡ്ജിമാരുടെ ബന്ധുക്കളായതിനാൽ ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി കൊളീജിയങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന ആശയമാണ് സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാരിലൊരാള്‍ നേരത്തേ മുന്നോട്ടുവെച്ചത്. കൊളീജിയത്തിലെ മറ്റു പല ജഡ്ജിമാരും ഇതിനോട് യോജിച്ചിരുന്നു.