ഏകപക്ഷീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം: കെ പി എസ് ടി എ
2024-25 അധ്യയന വർഷത്തിൽ രണ്ടാം ശനിയാഴ്ചകൾ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കിയ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവർത്തി ദിവസം സ്കൂളുകൾ പ്രവർത്തിക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ പി യിൽ 800 മണിക്കൂറും യു പി യിൽ 1000 മണിക്കൂറും ഹൈസ്കൂളിലും ഹയർ സെക്കൻ്ററിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം.
ഇതുപ്രകാരം എൽ പി യിൽ 160 ദിവസവും യു പി യിൽ 200 ദിവസവും ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്ക് മാത്രം 220 ദിവസവും പ്രവർത്തി ദിവസമാക്കിയാൽ മതി. സ്കൂൾ മേളകളുൾപ്പെടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അവധി ദിവസങ്ങളിലും അധ്യാപകർ ഹാജരാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് 200 പ്രവർത്തിദിനങ്ങൾ നിജപ്പെടുത്തിയത്.
യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.