ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ പരിഹാസവുമായി തൃശൂർ അതിരൂപത
തൃശ്ശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ പരിഹാസവുമായി തൃശൂർ അതിരൂപത. തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് മുഖപത്രം 'കത്തോലിക്കാസഭ'. പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകും. മണിപ്പൂരിനെ നോക്കാൻ വേറെ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തൃശൂർ അതിരൂപത രംഗത്തെതിയത്. പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ സുരേഷ് ഗോപി തൃശൂരിൽ മൽസരിക്കുന്നതെന്നും മുഖപത്രത്തിൽ പരിഹസിച്ചു.
സഭ മുഖപത്രമായ 'കത്തോലിക്കാസഭ'യുടെ നവംബർ ലക്കം മുഖലേഖനത്തിലാണ് വിമർശനം. 'അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത്, അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട് എന്ന് ബി.ജെ.പി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് സുരേഷ് ഗോപിയുടെ പേരെടുത്ത് പരാമർശിക്കാതെ മുഖലേഖനം വിമർശിച്ചു.
മണിപ്പൂരിലെ സർക്കാർ നിഷ്ക്രിയത്വം ആക്രമികൾക്കുള്ള ലൈസൻസ് ആയിരുന്നു. അത് ജനാധിപത്യ ബോധമുള്ളവർക്ക് മറക്കാൻ പറ്റുന്നതല്ല. അതിനാൽ, മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. സ്വന്തം പാർട്ടിക്ക് തൃശൂരിൽ പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ പ്രസ്താവനക്കാരൻ തൃശൂരിൽ ആണാകാൻ വരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും സഭ മുഖപത്രത്തിൽ വിമർശിച്ചു.