ലോക്സഭാ തെരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാൻ തയ്യാറാണോ; എം.എം. ഹസൻ
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം അലയടിക്കുമെന്ന് കെപിസിസി ആക്‌ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ.
ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുവാൻ പിണറായി തയാറാണോയെന്ന് എം.എം. ഹസൻ ചോദിച്ചു. ഇരുപതിൽ ഇരുപത് സീറ്റും നേടി യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.
മോദി വിരുദ്ധ തരംഗവും പിണറായി വിരുദ്ധ തരംഗവുമാണ് ഈ തിരഞ്ഞെടുപ്പിൽ അലയടിക്കുകയെന്ന് എം.എം. ഹസൻ പറഞ്ഞു. ദയനീയ പരാജയം ഉണ്ടായാൽ പിണറായി വിജയൻ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുമോ എന്ന് വ്യക്തമാക്കണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.സർക്കാരിന്റെ അഴിമതിക്കെതിരെ രൂക്ഷമായ ജനരോഷമാണ് നിലനിൽക്കുന്നത്. കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയെ പ്രീണിപ്പിക്കാനുള്ള നയമാണ് സിപിഎം നടത്തുന്നത്. കേരളത്തിൽ ഒരു സീറ്റ് എങ്കിലും ഉറപ്പായി ലഭിക്കുമെന്ന് സിപിഎമ്മിനോ ബിജെപിക്കോ പറയുവാൻ കഴിയില്ല. ഇരുപതിൽ ഇരുപത് സീറ്റുകളും നേടി യുഡിഎഫ് ചരിത്ര വിജയം സ്വന്തമാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പച്ചക്കള്ളവും നട്ടാൽ കുരുക്കാത്ത നുണയുമാണ് മുഖ്യമന്ത്രി പ്രചരണത്തിലൂടനീളംനടത്തിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിന്റെ പേരിൽ കാപട്യം പ്രചരിപ്പിച്ചു. അരക്കോടിയോളം വരുന്ന പാവങ്ങൾക്ക് ക്ഷേമപെൻഷൻ കൊടുക്കാത്ത സർക്കാർ ആണ് കേരളത്തിലുള്ളത്. വോട്ട് ചെയ്യുവാൻ എത്തുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്‌ത ജന ദ്രോഹ നയങ്ങൾ
വോട്ടർമാർക്ക് ഓർമ്മ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പോലീസും പ്രോസിക്യൂഷനും സിപിഎമ്മുകാർക്ക് വേണ്ടി പണിയെടുക്കുന്ന സ്ഥാപനമായി. വ്യാപകമായി കേരളത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുവാൻ സിപിഎം പ്രവർത്തകർക്ക് അനുമതി നൽകിയിരിക്കുന്നു. ബിജെപിയെ ഭയന്നാണ് പിണറായി ഭരിക്കുന്നതെന്നും തൃശൂർ പൂരത്തിൽ വർഗീയ അജണ്ട ഉണ്ടാക്കുവാൻ ഗൂഢാലോചന നടന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.