ഒളിമ്പിക്‌സ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് വീണ്ടും സമനില
കാരക്കസ് (വെനിസ്വല): ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ ഒളിമ്പിക്‌സ് യോഗ്യത മത്സരത്തില്‍(കോണ്‍മെബോള്‍) അര്‍ജന്റീനക്ക് വീണ്ടും സമനില. പരാഗ്വെയാണ് അര്‍ജന്റീനയെ (33) സമനിലയില്‍ കുരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ വെനിസ്വലയോടെ 2-2 സമനില വഴങ്ങിയ അര്‍ജന്റീനക്ക് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല.അടുത്ത മത്സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഒളിമ്പിക് യോഗ്യത നേടാനാകൂ. ഫൈനല്‍ ഗ്രൂപ്പ് സ്റ്റേജ് പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലിന് സമനില പിടിച്ചാല്‍ തന്നെ യോഗ്യത നേടാനാകും. മൂന്ന് പോയിന്റുള്ള ബ്രസീലിന് പിറകില്‍ രണ്ടു പോയിന്റുമായി മൂന്നാമതാണ് അര്‍ജന്റീന.
പരാഗ്വെക്കെതിരായ മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ പാബ്ലോ സോളാരിയിലൂടെ അര്‍ജന്റീനയാണ് ആദ്യ ലീഡെടുക്കുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന പരാഗ്വെ 42ാം മിനിറ്റിലും 70 മിനിറ്റിലും ഗോള്‍ നേടി മുന്നിലെത്തി. 84ാം മിനിറ്റില്‍ അര്‍ജന്റീനക്ക് അനുകൂലമായി തിയാഗോ അല്‍മഡ പെനാല്‍റ്റി ഗോളാക്കിയതോടെ വീണ്ടും സ്‌കോര്‍ തുല്യമായി.എന്നാല്‍ 90-ാം മിനിറ്റില്‍ എന്‍സോ ഗോണ്‍സാലസിലൂടെ മൂന്നാമത്തെ ഗോളും കണ്ടെത്തി പരാഗ്വെ മുന്നിലെത്തി. പരാജയമുറപ്പിച്ച അര്‍ജന്റീയുടെ രക്ഷകാനായി ഫെഡറിക്കോ റെഡോണ്ടോ കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ വലകുലുക്കിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ജയത്തോടെ ഫൈനല്‍ ഗ്രൂപ്പ് സ്റ്റേജില്‍ നാല് പോയിന്റുമായി പരാഗ്വെ മുന്നിലെത്തി.