ബാര്‍കോഴ വിവാദം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് നോട്ടീസില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. ബാര്‍കോഴ വിവാദം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
ഒരു അസോസിയേഷനിലും താന്‍ അംഗമല്ല. ബാറുടമകളുടെ അസോസിയേഷന്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമല്ലെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇടുക്കിയിലെ ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആയിരുന്നുവെന്ന് എന്നു പറഞ്ഞാണ് അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച ജവഹര്‍നഗര്‍ ഓഫീസില്‍ എത്തണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം.
തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാന്‍ അര്‍ജുന്‍ തയാറായില്ല. തന്റെ പേരില്‍ ബാറുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നിരസിച്ചത്. ഇതേതുടര്‍ന്ന് ഇമെയില്‍ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് കൈമാറിയത്.
വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിര്‍ദേശം ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാരിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നല്‍കിയ ശുപാര്‍ശകളില്‍ ഒന്നാണിത്.