അര്‍ജുന് നിത്യനിദ്ര; കണ്ണീരോടെ വിട നൽകി ജനസാഗരം
കോഴിക്കോട്: കാത്തിരിപ്പിന്റെ മുഴുവൻ സ്നേഹത്തിനും സാക്ഷിയായി ആദരവോടെ ഒരു നാടുമുഴുവൻ അർജുന് വിട നൽകി. കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയുടെ ആഴങ്ങളിൽ അർജുൻ മറഞ്ഞു പോയ 75 ദിവസങ്ങൾ. വേദനയുടെ നിമിഷങ്ങളിലൂടെ പ്രിയപ്പെട്ടവരും ഒരു നടുമുഴുവനും അയാൾക്ക് വേണ്ടി കാത്തിരുന്നു. ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് കണ്ണാടിക്കലിലെ വീട്ടിൽ എത്തിച്ചേർന്നത്. എല്ലാവരുടെയും സ്നേഹവായ്പ്പുകളേറ്റുവാങ്ങിയാണ് അർജുന്റെ ചിത എറിഞ്ഞു തീരുന്നത്. 11.15-ഓടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചിരുന്നു. അർജുന്റെ സ്വപ്ന ഭവനത്തിനടുത്ത് പ്രിയപ്പെട്ടവരുടെ അരികിലാണ് അർജുൻ അന്ത്യവിശ്രമം കൊള്ളുന്നത്.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടില്‍ എത്തിച്ചത്. എട്ട് മണിയോടെ പൊതുദര്‍ശനം ആരംഭിച്ചു. അർജുനെ നേരിട്ടറിയുന്നതും അറിയാത്തതുമായ നിരവധിയാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. അര്‍ജുന് തൊട്ടരുകില്‍ ഭാര്യയും സഹോദരിയുമടക്കമുള്ളവരുണ്ടായിരുന്നു. അര്‍ജുന്റെ ലോറിയുടമ മനാഫും ആദരാഞ്ജലികളർപ്പിച്ചു. പതിനൊന്ന് മണിവരെ തീരുമാനിച്ചിരുന്ന പൊതുദർശനം ആളുകളുടെ ഒഴുക്കിനെത്തുടർന്ന് നീളുകയായിരുന്നു. അര്‍ജുന്റെ സഹോദരന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.