കെജ്‌രിവാളിന്റെ അറസ്റ്റ് അന്യായം; ശശി തരൂര്‍
തിരുവനന്തപുരം: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്ത്. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരോട് കേന്ദ്രം നല്‍കുന്ന സന്ദേശമാണിത്. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നുവെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. സംഭവിച്ചതെല്ലാം അന്യായമാണെന്നും ശശി തരൂര്‍ സംഭവത്തിൽ പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് വേണ്ടി യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്ന ശേഷമാണിതൊക്കെ ഉണ്ടാകുന്നത്. എന്താണ് ഇത്ര ധൃതി? തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാമല്ലോ. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും തരൂര്‍ വ്യക്‌തമാക്കി.