ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ അറസ്റ്റ് വാറന്റ്
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ അറസ്റ്റ് വാറന്റ്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അധികാരഭ്രഷ്ടയായ ശൈഖ് ഹസീന രാജ്യം വിട്ടിരുന്നു. ശൈഖ് ഹസീനയെ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രിബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്‌ലാം പറഞ്ഞു.
മനുഷത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്നാണ് ശൈഖ് ഹസീനക്കെതിരായ ആരോപണം. ശൈഖ് ഹസീന ഭരണകാലത്ത് കൂട്ടക്കൊലകള്‍ നടത്തിയെന്നും ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്‌ലാം പറഞ്ഞു. ശൈഖ് ഹസീനയുടെ പാര്‍ട്ടിയിലെ മറ്റ് ചിലര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് ഉണ്ട്.
ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ക്വാദറിനെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പേര് വെളിപ്പെടുത്താത്ത മറ്റ് 44 പേര്‍ക്കെതിരെയും ഇത്തരത്തില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിന് പിന്നാലെ അവരുടെ പാര്‍ട്ടിയിലെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡസനോളം ആളുകള്‍ ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്.
മുന്‍ കാബിനറ്റ് മന്ത്രിമാര്‍ അവാമി ലീഗ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരെയെല്ലാം ഇത്തരത്തില്‍ പിടികൂടിയിരുന്നു. അധികാരത്തില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് രാജ്യം വിട്ട ശൈഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയിരുന്നു.