നവകേരള സദസ്സിന്റെ പേരിൽ നടത്തിയത് തീവെട്ടികൊള്ള; ക്ഷണക്കത്തിന് മാത്രം ചിലവഴിച്ചത് 9.16 കോടി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നോടിയായി എൽഡിഎഫ് സർക്കാരിന്റെ മുഖം മിനുക്കാൻ നടത്തിയ നവകേരള സദസ്സിന്റെ പേരിൽ നടത്തിയത് തീവെട്ടികൊള്ള. മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് പ്രിന്‍റ് ചെയ്തതിനു വീണ്ടും ഖജനാവിൽ നിന്ന് 7.47 കോടി അനുവദിച്ച് സര്‍ക്കാര്‍. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക മെയ് നാലിന് അനുവദിച്ചിരുന്നു.സി ആപ്റ്റിനാണ് സര്‍ക്കാര് പണം നൽകി ഉത്തരവിറക്കിയത് നവകേരള സദസ്സിന് വേണ്ട പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപയായിരുന്നു ചെലവ്. ക്വട്ടേഷൻ പോലും വിളിക്കാതെയാണ് പിആർഡി സി ആപ്റ്റിന് സർക്കാർ കരാർ നൽകിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ച് കഴിഞ്ഞ വര്‍ഷം നവംബർ 18 ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരിൽ കേരള പര്യടനം നടത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സർക്കാർ നടത്തിയ ധൂർത്തിനെതിരെ പ്രതിപക്ഷം നിശിതവിമർശനവുമായി അന്നേ രംഗത്തെത്തിയിരുന്നു. അതേസമയം നവ കേരള സദസ്സ് ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.