കലയും കായികവിനോദവും സ്കൂൾ സിലബസിലേക്ക്; തീരുമാനവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാകും. അടുത്ത അധ്യയനവർഷം മുതലാണ് മാറ്റങ്ങൾ വരുത്തുക. പാഠ്യേതരപ്രവർത്തനങ്ങൾ എന്നതിലുപരി കലയും കായികവിനോദവും സിലബസുമായി സംയോജിപ്പിക്കും. കുട്ടികളുടെ വൈകാരികവും ശാരീരികവുമായ സന്തോഷത്തിലൂന്നിയുള്ള വളർച്ച ലക്ഷ്യമാക്കിയാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ നീക്കം.
പ്രൈമറിതലത്തിലെ സിലബസിൽ കലയും കായികവിനോദങ്ങളും ഉൾപ്പെടുത്തും. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾതലംവരെ ഇത് കൂടുതൽ വിപുലപ്പെടുത്തും. സർക്കാർ നിയോഗിച്ച അക്കാദമിക് വിദഗ്ധരുടെ പ്രത്യേകസമിതി ഓരോ കുട്ടികൾക്കും താത്പര്യമുള്ള കലകളും കായികവിനോദങ്ങളും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കും. സംഗീതം, നൃത്തം, ചിത്രരചന, സാഹിത്യരചന തുടങ്ങിയവയുണ്ടാകും.
ഇതിൽ ഏതെങ്കിലും കലകൾ തിരഞ്ഞെടുത്താൽ അതിൽ കൂടുതൽ സർഗാത്മകത വളർത്തിയെടുക്കാനുള്ള പിന്തുണ കുട്ടികൾക്കു നൽകും. മികച്ച കായികോപകരണങ്ങളും മൈതാനങ്ങളും നൽകുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ നിയമിക്കും. ഗ്രാമീണ, ആദിവാസി മേഖലകളിലെ കുട്ടികൾക്ക് കൂടുതൽസൗകര്യങ്ങൾ ഏർപ്പെടുത്തും.