സ്നേഹത്തിന്‍റെ കാവലാളായി തൊണ്ണൂറ്റിയെട്ടിലും കര്‍മ്മനിരതന്‍; ഗുരുപ്രസാദമായി പുതിയ ഗ്രന്ഥം
മലയാളത്തിന്‍റെ മഹാഗുരുവിന് ഇന്ന് 98-ാം പിറന്നാള്‍. പ്രൊഫ. എം.കെ സാനു എന്ന അദ്ധ്യാപകന്‍ എല്ലാവരുടെയും സാനുമാഷാണ്. മാഷിന്‍റെ അതിര്‍വരമ്പുകളില്ലാത്ത സ്നേഹവും കരുതലും സമൂഹത്തിന്‍റെ ഒന്നടങ്കം സ്നേഹബഹുമാനങ്ങള്‍ക്ക് അദ്ദേഹത്തെ അര്‍ഹനാക്കി. തലമുറകളുടെ ഗുരുനാഥന്‍ എന്ന ഖ്യാതിയോടെ മാഷിന് 98-ാം പിറന്നാളാശംസകള്‍ നേരുന്നു. വേനല്‍ പ്രഭാതങ്ങളില്‍ പുല്‍ക്കൊടിത്തുമ്പില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞുതുള്ളിയുടെ ശുദ്ധിയും നനവും മാഷിനെ സമീപിക്കുന്ന ആര്‍ക്കും അനുഭവവേദ്യമാകും.
സാഹിത്യ രചന സാമൂഹ്യ സേവനമാണെന്ന് വിശ്വസിക്കുന്ന സാനുമാഷിന്‍റെ തൂലിക ഇപ്പോഴും മഷി ഉണങ്ങാതെ ചലിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി സ്വന്തമായിട്ടുള്ള എഴുത്ത് തല്‍ക്കാലത്തേക്ക് നിറുത്തി വെച്ച് ശിഷ്യന്‍ ഡോ.ടി.എസ്. ജോയിയേയും കൂടെ ചേര്‍ത്ത് അതീവ ഗൗരവമുള്ള ഗ്രന്ഥ രചനയുടെ അവസാന മിനുക്കുപണിയിലാണ് മാഷും ഡോ. ജോയിയും. മഹാകവി ഉള്ളൂരിനെക്കുറിച്ചാണ് പുതിയ ഗ്രന്ഥം. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ഉള്ളൂര്‍ നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും അത് വേണ്ടത്ര പഠന വിധേയമാകാത്തത് ദുഃഖകരമാണെന്നും മാഷ് കരുതുന്നു. ഉള്ളൂരിന്‍റെ സമുദ്രസമാനമായ സാഹിത്യസംഭാവനകള്‍ വിലയിരുത്തുന്ന പുതിയ ഗ്രന്ഥത്തിന് 'മഹാകവി ഉള്ളൂര്‍ സാഹിത്യ ചരിത്രത്തിലെ ഭാസുര നക്ഷത്രം' എന്നാണ് പേരിട്ടിരിക്കുന്നത്.
ഉള്ളൂരിന്‍റെ ഭവനത്തിന് സമീപമുള്ള സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭാഷാവിദഗ്ധനായി സേവനമനുഷ്ഠിച്ച കാലയളവിലാണ് ഉള്ളൂരിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനവസരമുണ്ടായതെന്ന് ഡോ. ജോയി വെളിപ്പെടുത്തുന്നു. ജോലിയില്‍ നിന്നു വിരമിച്ചപ്പോഴേക്കും കിട്ടാവുന്ന വിവരങ്ങളൊക്കെ ശേഖരിച്ചിരുന്നു. സാനുമാഷിന്‍റെ അഗാധമായ പാണ്ഡിത്യവും വിപുലമായ ഗ്രന്ഥപരിചയവും കൂടി ചേര്‍ന്നപ്പോള്‍ പുസ്തക രചന സുഗമമായി. സാറുമായി ചേര്‍ന്ന് ഒരു ഗ്രന്ഥനിര്‍മ്മിതി സാദ്ധ്യമായത് ഗുരുപ്രസാദമാണെന്ന് ജോയി പറഞ്ഞു.