അഷ്‌റഫ് വധക്കേസ്: നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തകനായിരുന്ന സി. അഷ്‌റഫിനെ വധിച്ച കേസില്‍ പ്രതികളായ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ എം പ്രനു ബാബു എന്ന കുട്ടന്‍ (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ആര്‍ വി നിധീഷ് എന്ന ടുട്ടു (36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ വി ഷിജില്‍ എന്ന ഷീജൂട്ടന്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ കെ ഉജേഷ് എന്ന ഉജി (34) എന്നിവരെയാണ് ശിക്ഷിച്ചത്.
ഒന്നു മുതല്‍ നാലു വരെ പ്രതികളാണ് കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. 2011 മേയ് 21നാണ് അഷ്‌റഫിനെ പ്രതികള്‍ മാരകമായി ആക്രമിച്ചത്. മത്സ്യവില്‍പനക്കിടെ കാപ്പുമ്മല്‍സുബേദാര്‍ റോഡില്‍ വെച്ച് മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ അഷ്‌റഫ് മരിക്കുകയായിരുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.എട്ടു പ്രതികളുണ്ടായിരുന്ന കേസില്‍ എം.ആര്‍. ശ്രീജിത്ത്, ടി. ബിജീഷ് എന്നിവരെ കോടതി വെറുതെവിട്ടു. രണ്ടുപേര്‍ വിചാരണക്ക് മുമ്പ് മരിച്ചിരുന്നു