കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.