ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയുടെ സംഘം
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്ണോയുടെ സംഘം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെയാണ് കൊലപാതകത്തിൻ്റ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുന്നത്.
നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയി. സൽമാൻ ഖാന്റെ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവർ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് സൂചന. പ്രതികളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വാർത്തയുണ്ട്.