തെലങ്കാന നിയമ സഭാ സമ്മേളനം തുടങ്ങി, എംഎൽഎ മാർ സത്യപ്രതിജ്ഞ ചെയ്തു
ഹൈദരാബാദ്:
മൂന്നാം തെലങ്കാന നിയമസഭയുടെ ആദ്യ സമ്മേളനം ഹൈദരാബാദിൽ ആരംഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞാ നടപടികൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയാണ്ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത്. തുടർന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി അധ്യക്ഷനായി. സമ്മേളനം തുടങ്ങുന്നതിന് മുമ്പ് രാജ്ഭവനിൽ വെച്ച് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പ്രോടേം സ്പീക്കറായി ഒവൈസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചത് നിയമസഭാ ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ച് ബിജെപി സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. അതേ സമയം, തെലങ്കാനയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഇതുവരെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലും ബിജെപിക്കു കഴിഞ്ഞില്ല.