അതിബുദ്ധി 'രണ്ടാം കാഫിര്‍': തിരിച്ചടിയില്‍ നിന്നും പാഠംപഠിക്കാതെ സിപിഎം
കോഴിക്കോട്: പാലക്കാട്ട് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ന്യൂനപക്ഷ മാനേജ്‌മെന്റ് നിയന്ത്രണത്തിലുള്ള പത്രങ്ങളില്‍ സിപിഎം നല്‍കിയ തെരഞ്ഞെടുപ്പ് പരസ്യം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പുറത്തെടുത്ത് വെട്ടിലായ കാഫിര്‍ വിദ്വേഷ സ്‌ക്രീന്‍ഷോട്ടിന്റെ രണ്ടാം പതിപ്പ്. യുഡിഎഫിന് കിട്ടുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന കുബുദ്ധിയില്‍ പ്രയോഗിച്ചതാണെങ്കിലും വടകരയിലേതു പോലെ പാലക്കാട്ടും തന്ത്രം തിരിച്ചടിക്കുന്ന കാഴ്ചയാണ്. പരസ്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് ഉയരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് വിദ്വേഷം വമിപ്പിക്കുന്ന 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വാര്‍ത്ത വന്നത്. ഷാഫിക്ക് ലഭിക്കുന്ന ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ഗൂഢതന്ത്രമായിരുന്നു ഇതിന് പിന്നില്‍. ഇതോടൊപ്പം സംസ്ഥാന വ്യാപകമായ് മതത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പരസ്യം നല്‍കാനും സിപിഎം ശ്രമിച്ചിരുന്നു. വിവിധ മുസ്‌ലിം മാനേജ്‌മെന്റ് നിയന്ത്രണത്തിലുള്ള പത്രങ്ങളുടെ ഒന്നാം പേജില്‍ പര്‍ദ ധരിച്ച മുസ്‌ലിം സ്ത്രീയുടെ ഫോട്ടോ സഹിതമാണ് 'ന്യൂനപക്ഷ സംരക്ഷണ'ത്തിന്റെ പേരിലുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. സുപ്രഭാതം, സിറാജ് തുടങ്ങിയ പത്രങ്ങളില്‍ പരസ്യം വന്നിരുന്നു. ക്രൈസ്തവ മാനേജ്‌മെന്റ് നിയന്ത്രണത്തിലുള്ള ദീപിക പത്രത്തില്‍ ഒന്നാം പേജില്‍ മണിപ്പൂര്‍ ഓര്‍മപ്പെടുത്തലാണെന്നും 'ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ' എന്ന പരസ്യവാചകത്തില്‍ കത്തുന്ന കുരിശിന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. രണ്ട് വിഭാഗം പരസ്യങ്ങളിലും പൊതുവായുണ്ടായിരുന്നത് പിണറായി വിജയന്റെ തല മാത്രമായിരുന്നു.
ഇങ്ങനെ കേരളത്തില്‍ മതാധിഷ്ഠിതമായ് പരസ്യം നല്‍കിയ ഏക പാര്‍ട്ടിയും സിപിഎമ്മായിരുന്നു. എന്നാല്‍ വോട്ട് എണ്ണിയപ്പോള്‍ ന്യൂനപക്ഷ, ഭൂരിപക്ഷ ജനവിഭാഗം സിപിഎമ്മിനെ ഒരുപോലെ കൈവിട്ടു. അന്ന് പയറ്റി പാളിയ തന്ത്രം ഇന്നലെ വീണ്ടും പുറത്തെടുത്തതാണ് പാലക്കാട് കണ്ടത്.
മാധ്യമ പ്രവര്‍ത്തനം വിട്ട് സിപിഎമ്മില്‍ സജീവമായ എം.വി നികേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ടീമാണ് പാലക്കാട് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നിയന്ത്രിച്ചത്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന പാലക്കാട്ട് ന്യൂനപക്ഷ വോട്ടുകള്‍ ഒറ്റക്കെട്ടായി രാഹുല്‍ മാങ്കൂട്ടത്തിലിന് വീഴുമെന്ന ഘട്ടത്തിലാണ് ഭിന്നിപ്പുണ്ടാക്കാനുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പാര്‍ട്ടിയുടെ ആധികാരിക പിന്‍ബലം ഉണ്ടായിരുന്നില്ല; എന്നാല്‍ വിദ്വേഷ പരസ്യത്തിന് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെന്നത് സിപിഎമ്മില്‍ വലിയൊരു വിഭാഗത്തെ അസ്വസ്ഥപ്പെടുത്തുകയാണ്. പാര്‍ട്ടി ചിഹ്‌നത്തില്‍ പോലും മത്സരിക്കാത്ത സ്ഥാനാര്‍ഥിക്കുവേണ്ടി ഇത്തരമൊരു പരസ്യം നല്‍കിയത് വലിയ തിരിച്ചടിയാവുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്