രാജസ്ഥാനിലെ അജ്മീറിലും ട്രെയിന്‍ അട്ടിമറി ശ്രമം:70 കിലോ വീതം ഭാരമുള്ള രണ്ട് സിമന്റ് കട്ടകള്‍ ട്രാക്കില്‍
റായ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലും ട്രെയിന്‍ അട്ടിമറി ശ്രമം. 70 കിലോ വീതം ഭാരമുള്ള രണ്ട് സിമന്റ് കട്ടകള്‍ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിക്കാനാണ് ശ്രമിച്ചത്. സിമന്റ് കട്ടകളില്‍ തട്ടിയെങ്കിലും കേടുപാടുകള്‍ കൂടാതെ ട്രെയിന്‍ യാത്ര തുടര്‍ന്നു.ഫുലേര-അഹമദാബാദ് പാതയിലെ ശാരദ്ന, ബംഗദ് സ്റ്റേഷനുകള്‍ക്കിടയില്‍ ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. റെയില്‍വേ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് റെയില്‍വേ ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ട്രാക്കില്‍ സിമന്റ് കട്ട ഇട്ടതായി ജീവനക്കാര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ കട്ട തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ ട്രാക്കില്‍ തന്നെ കുറച്ചകലെ രണ്ടാമത്തെ കട്ടയും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ പ്രയാഗ്രാജില്‍ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള കാളിന്ദി എക്സ്പ്രസ് ട്രെയിന്‍ കാണ്‍പൂരിലെ റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന എല്‍.പി.ജി സിലിണ്ടറില്‍ ഇടിച്ചു. ട്രെയിനില്‍ തട്ടി സിലിണ്ടര്‍ പാളത്തില്‍ നിന്ന് തെറിച്ചുവീണതോടെയാണ് വലിയ അപകടം ഒഴിവായത്. ട്രാക്കില്‍ പെട്രോളും തീപ്പെട്ടിയും ഉള്‍പ്പെടെ സംശയാസ്പദമായ മറ്റ് വസ്തുക്കളും കണ്ടെത്തി.