പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.