ഭക്തിനിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ഭക്തിനിറവിൽ ജനലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. ലക്ഷക്കണത്തിന് അടുപ്പുകളിൽ ഒരേ സമയം തീപകരുമ്പോൾ അനന്തപുരി ഭക്തിയുടെ തലസ്ഥാനമായി മാറും. വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുമ്പോൾ ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകൽ.
രാവിലെ പൊങ്കാലയ്ക്കു മുന്നോടിയായുള്ള പുണ്യാഹച്ചടങ്ങുകൾ ക്ഷേത്രത്തിൽ പൂർത്തിയായി.തുടർന്ന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നന്പൂതിരിക്ക് കൈമാറും.
വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്. ഇവിടെനിന്ന് 10.30ന് പണ്ടാരയടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2:30ന് പൊങ്കാല നിവേദ്യം സമർപ്പിക്കും.