കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കി ആസ്‌ട്രേലിയ
മെല്‍ബണ്‍: എക്‌സ്, ടിക്ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്ന് കുട്ടികളെ പതിനാറു വയസ്സുവരെ നിരോധിക്കാനുള്ള ആസ്ത്രേലിയന്‍ സര്‍ക്കാറിന്റെ നീക്കം ലോകത്തുടനീളം ശ്രദ്ധയാകര്‍ഷിക്കുന്നു. 'ലോകത്തെ നയിക്കുന്നത്' എന്ന് വിശേഷിപ്പിച്ചാണ് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇതു സംബന്ധിച്ച ബില്ല് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയുടെ 'ദ്രോഹങ്ങളില്‍'നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് നിരോധനമെന്ന് അല്‍ബാനീസ് പറയുന്നു. 'ഇതൊരു ആഗോള പ്രശ്നമാണ്, ആസ്‌ത്രേലിയന്‍ യുവാക്കള്‍ക്ക് ബാല്യം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മാതാപിതാക്കള്‍ക്ക് മനസ്സമാധാനം വേണമെന്നും'- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി പദ്ധതി ഏറെ ജനപ്രിയമാണെങ്കിലും ഇതെങ്ങനെ പ്രായോഗികമായി നടപ്പാക്കുമെന്ന ആകാംക്ഷയിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍. എട്ട് ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളുടെയും പ്രധാന ഭൂഭാഗങ്ങളുടെയും നേതാക്കള്‍ ഏകകണ്ഠമായി ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, ഏറ്റവും ചെറിയ സംസ്ഥാനമായ ടാസ്മാനിയ പ്രായപരിധി 14 ആയി നിശ്ചയിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു.
പദ്ധതിയില്‍ എന്താണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും അത് എങ്ങനെ നടപ്പാക്കുമെന്നതും സംബന്ധിച്ച വിശദാംശങ്ങള്‍ കുറവാണ്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ നിയമ നിര്‍മാണം അവതരിപ്പിക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും.
സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആസ്‌ത്രേലിയയില്‍ ഒരു സംവാദ മുഖം വികസിച്ചിട്ടുണ്ട്. ശിശുക്ഷേമ മേഖലകളിലെ വിദഗ്ധര്‍ ആശങ്കയോടെയാണ് ഇതിനോട് പ്രതികരിച്ചത്. 16 വയസ്സെന്ന പ്രായപരിധിയെ അപലപിച്ചുകൊണ്ട് 140ലധികം വിദഗ്ധര്‍ ഒപ്പുവെച്ച ഒരു തുറന്ന കത്ത് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന് അയച്ചു. ചില വിദഗ്ധര്‍ കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കുന്നത് തടയേണ്ടതുണ്ടോ അങ്ങനെ ചെയ്യുന്നതിന്റെ പ്രതികൂല ഫലങ്ങള്‍ എന്തായിരിക്കാം എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി.