ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം ആസൂത്രിതമായ കൊലപാതകം
വയനാട്: വൈത്തിരി ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുല്‍ നവാസ്(44) മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിനെയും ഇയാളുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുമില്‍ ഷാദിന് നവാസിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്ടറിക്കുസമീപമായിരുന്നു അപകടം. ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തേക്കുപോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിരേവരികയായിരുന്ന ഥാര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിരക്ക് വളരെ കുറവായ, നേരേയുള്ള റോഡില്‍ അപകടസാധ്യത തീരേയില്ലെന്നും ഇത് മനഃപൂര്‍വമുണ്ടാക്കിയ അപകടമാണെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി നവാസിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തിയത്.