For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആയുഷ്മാന്‍ ഭാരത് പദ്ധതി; 70 കഴിഞ്ഞവര്‍ സീനിയര്‍ സിറ്റിസൺ വിഭാഗത്തില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം

11:24 AM Nov 04, 2024 IST | Online Desk
ആയുഷ്മാന്‍ ഭാരത് പദ്ധതി  70 കഴിഞ്ഞവര്‍ സീനിയര്‍ സിറ്റിസൺ വിഭാഗത്തില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം
Advertisement

ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസൺ വിഭാഗത്തില്‍ വീണ്ടും റജിസ്‌ട്രേഷന്‍ നടത്തണം. പദ്ധതി നടത്തിപ്പിനുള്ള ചെലവു പങ്കിടുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അവ്യക്തത നിലനില്‍ക്കുകയാണെങ്കിലും കേരളത്തിലുള്ളവര്‍ക്കു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും ഗുണഭോക്താക്കളാകുന്നതിനും തടസ്സമില്ല. ചികിത്സാ ആവശ്യത്തിന് എംപാനല്‍ ചെയ്ത ആശുപത്രിയിലെത്തുന്നവര്‍ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഹാജരാക്കണം. ഏതു ചികിത്സയാണോ വേണ്ടത് അതിന് അനുയോജ്യമായ ആശുപത്രി തന്നെയാണോയെന്നു പരിശോധിച്ച് ഉറപ്പാക്കണം.
പൂര്‍ണമായും കാഷ്ലെസാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കുള്ള ഫീസ് ആശുപത്രിയിലേക്കു സര്‍ക്കാര്‍ നല്‍കുകയാണു ചെയ്യുന്നത്.

Advertisement

റജിസ്‌ട്രേഷനുള്ള നടപടിക്രമം

ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാന്‍ മൊബൈല്‍ ആപ്പിലോ റജിസ്റ്റര്‍ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം.

  • വെബ്‌സൈറ്റോ മറ്റോ ഉപയോഗിക്കാന്‍ കഴിയാത്തവരുടെ റജിസ്‌ട്രേഷനു വീട്ടുകാര്‍ക്കോ പരിചയക്കാര്‍ക്കോ സഹായിക്കാം.
  • ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കു ലഭിക്കുന്ന ഒടിപിയാണ് ഇതിനു വേണ്ടത്.
  • ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ എംപാനല്‍ഡ് ആശുപത്രി അടുത്തുണ്ടെങ്കില്‍ അവരുടെ സഹായവും റജിസ്‌ട്രേഷനായി തേടാം.
  • ആധാര്‍ മാത്രമാണ് പദ്ധതി റജിസ്‌ട്രേഷന് ആവശ്യമായ അടിസ്ഥാനരേഖ.
  • ഗുണഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റിയും യോഗ്യതയും ആധാര്‍ ഇകെവൈസിയിലൂടെ പരിശോധിക്കാം.വയസ്സ്, താമസിക്കുന്ന സംസ്ഥാനം എന്നിവ തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കാം.
  • ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ 14555 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Tags :
Author Image

Online Desk

View all posts

Advertisement

.