ഗുജറാത്തിൽ ബിജെപിയ്ക്ക് തിരിച്ചടി
ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ഗുജറാത്തിലെ ബിജെപി സിറ്റിങ് എംപി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി. ഗുജറാത്തിലെ വഡോദര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും മത്സരിക്കാൻ പാർട്ടി രംഗത്തിറക്കിയ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സിറ്റിംഗ് എംപി രഞ്ജൻ ഭട്ട്, തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തീരുമാനിച്ചതായി ശനിയാഴ്ച സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.
ഭട്ടിനെ വഡോദരയിൽ നാമനിർദ്ദേശം ചെയ്തതിന്റെ പേരിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീലിനും താൽപ്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റർ പ്രചാരണം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഭട്ടിൻ്റെ തീരുമാനം.
“മോദി തേരേ സേ ബർ നഹിൻ, രഞ്ജൻ തേരി ഖേർ നഹി (“മോദി, ഞങ്ങൾക്ക് നിങ്ങളുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല, പക്ഷേ രഞ്ജൻ, ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല”) എന്നിങ്ങനെയായിരുന്നു പോസ്റ്ററുകൾ. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ പുറത്തുപറയാതെയാണ് രഞ്ജൻ ഭട്ട് തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നത്.