അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാല് ദിവസത്തേക്ക് നീട്ടി
ന്യൂഡൽഹി :മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് കോടതി നീട്ടി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തർവ്. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം.
എല്ലാ അംഗീകാരങ്ങളും നേടിയാണ് ഡൽഹിയിൽ നയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്‍രിവാള്‍ നേരിട്ട് കോടതിയിൽ സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി അദ്ദേഹത്തെ തടഞ്ഞു. കെജ്‍രിവാള്‍ ഷോ കാണിക്കുകയാണെന്ന് ഇഡി ആരോപിച്ചു. മുഖ്യമന്ത്രി ആയതിനാല്‍ അല്ല അഴിമതി നടത്തിയതിനാലാണ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.