സര്‍ക്കാരിന് തിരിച്ചടി: ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്‌കൂളുകളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. നയപരമായ കാര്യമായതിനാല്‍ ഇത്തരം ഉത്തരവിറക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും ഈ മേഖലയില്‍ ഉള്ളവരുടെയും അഭിപ്രായം തേടാതെയും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം പരിഗണിക്കാതെയുമുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ നിര്‍ദ്ദേശിച്ചു. 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കി അദ്ധ്യയന ദിനങ്ങള്‍ 220 ആക്കി വര്‍ദ്ധിപ്പിച്ചതിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ), കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ്.ടി.യു) തുടങ്ങിയ സംഘടനകളാണ് ഹര്‍ജി നല്‍കിയത്.വിദ്യാഭ്യാസരംഗത്ത് നയപരമായ തീരുമാനമെടുക്കുമ്പോള്‍ കേരള വിദ്യാഭ്യാസ ചട്ടത്തിലെയും (കെ.ഇ.ആര്‍) കേന്ദ്രനിയമത്തിലെയും വ്യവസ്ഥകള്‍ പരിശോധിക്കണമെന്ന് കോടതി വിലയിരുത്തി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസില്‍ 200 പ്രവൃത്തി ദിവസങ്ങളും ആറ് മുതല്‍ എട്ടു വരെ 220 പ്രവൃത്തി ദിവസങ്ങളുമാണുള്ളത്.. കെ.ഇ.ആറില്‍ ഈ വ്യത്യാസമില്ലാതെ 220 പ്രവൃത്തിദിവസം എന്നാണ് പറയുന്നത്.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ എങ്ങനെ സമയം കണ്ടെത്തും എന്നതടക്കം പരിഗണിക്കാതെ തിടുക്കത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് കോടതി പറഞ്ഞു.