സര്‍ക്കാരിന് തിരിച്ചടി; ഇപി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരൻ എംപിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഹര്‍ജി സമര്‍പ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ജസ്റ്റിസ് വിക്രം നാഥ് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. നിങ്ങള്‍ കോണ്‍ഗ്രസാണോ അതോ സിപിഐഎമ്മാണോ എന്നും കോടതി സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് ചോദിച്ചു.
വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി ആണെന്നും ഇരുവരും വാദിച്ചു.
എന്നാല്‍ കേസിന്‍റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ഈ ആവശ്യം കോടതി നിരാകരിച്ചു. ചില വിധിന്യായങ്ങള്‍ കോടതി പരിഗണിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു ചൂണ്ടിക്കാട്ടിയപ്പോള്‍, ആ വിധി ന്യായങ്ങള്‍ എല്ലാം മറ്റൊരു അവസരത്തില്‍ പരിഗണിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.