പ്രതികൂല കാലാവസ്ഥ: ഹെലികോപ്ടറിന് ഇറങ്ങാനായില്ല
കല്‍പറ്റ: ഉരുള്‍പൊട്ടലില്‍ കനത്ത നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ. എയര്‍ലിഫ്റ്റിങ് പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകള്‍ വയനാട്ടില്‍ ഇറങ്ങാനാകാതെ കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ഇതോടെ, ദുരന്തസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി.
ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ ടൗണില്‍ എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുഴക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈയില്‍ എത്താനാണ് ദേശീയ പ്രതിരോധ സേനാംഗങ്ങള്‍ ശ്രമിക്കുന്നത്. കരസേനയുടെ എന്‍ജീനിയറിങ് വിഭാഗം എത്തിയാല്‍ മാത്രമേ പുഴക്ക് കുറുകെ താല്‍കാലിക പാലം നിര്‍മിക്കാനാവൂ.
കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബംഗളൂരുവില്‍ നിന്നാണ് അടിയന്തരമായി എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് നടപ്പാക്കുക.
വൈകിട്ട് അഞ്ച് മണിയോടെ മുണ്ടക്കൈ പ്രദേശം ഇരുട്ടിലാകുമെന്നും അതിന് മുമ്പായി സാധ്യമായതെല്ലാം ചെയ്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കേണ്ടതുണ്ടെന്നും കല്‍പറ്റ എം.എല്‍.എ ടി. സിദ്ദീഖ് പറഞ്ഞു. പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേന ഹെലികോപ്ടറിന് ദുരന്തസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. മുണ്ടക്കൈയിലെ രണ്ട് വാര്‍ഡുകളിലെ ജനസംഖ്യ മൂവായിരത്തോളം വരും. മരണസഖ്യ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.