ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയായി
ഉദയ്പൂർ: ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർതാരം പിവി സിന്ധു വിവാഹിതയായി. കുടുംബസുഹൃത്തും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ.ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്‌പുരിലായിരുന്നു വിവാഹം. ഉദയ്പുരിലെ പഞ്ചനക്ഷ്ത്ര ഹോട്ടലായ റാഫിള്‍സ് റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് .
വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇതുവരെ താരം പങ്കുവച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം നവദമ്പതികള്‍ക്ക് ആശംസകളും നേർന്നിരുന്നു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്. ചൊവ്വാഴ്ച ഹെെദരാബാദില്‍ ഇരുകുടുംബങ്ങളും ചേർന്ന് വിവാഹസത്കാരം നടത്തും.
29-കാരിയായ സിന്ധു 2016 റിയോ ഒളിമ്ബിക്സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്ബിക്സില്‍ വെങ്കലവും നേടിയിരുന്നു. വിവാഹം കഴിഞ്ഞ് ജനുവരിയില്‍ മത്സരവേദിയിലേക്ക് എത്താനാണ് സിന്ധുവിന്റെ തീരുമാനം. മുൻ ദേശീയ വോളിബാള്‍ താരങ്ങളായ പി.വി രമണയുടേയും പി.വിജയയുടേയും മകളാണ് സിന്ധു.