ബെയ്‌ലി പാലം സജ്ജമായി: സൈനിക വാഹനങ്ങള്‍ കയറ്റിയിറക്കി സുരക്ഷാ, ബല പരിശോധനകളും പൂര്‍ത്തിയാക്കി
മേപ്പാടി: വന്‍ ഉരുള്‍പൊട്ടലില്‍ തകര്‍ത്ത വയനാട്ടിലെ ചൂരന്‍മലയില്‍ സൈന്യത്തിന്റെ ബെയ്‌ലി പാലം സജ്ജമായി. മലവെള്ളപ്പാച്ചിലില്‍ ഒഴുകിപോയ പാലത്തിന് പകരമായാണ് 85 അടി നീളമുള്ള ബെയ്‌ലി പാലം സൈന്യം നിര്‍മിച്ചത്.
നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിലൂടെ സൈനിക വാഹനങ്ങള്‍ കയറ്റിയിറക്കി സുരക്ഷാ, ബല പരിശോധനകളും പൂര്‍ത്തിയാക്കി. ചെറിയ മണ്ണുമാന്തിയന്ത്രം അടക്കം 24 ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ വരെ കടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുള്ള പാലമാണിത്.
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റന്‍ പുരന്‍സിങ് നഥാവത് ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. രാപ്പകല്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് പാലം നിര്‍മാണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗത്തിന് സാധിച്ചത്.
വയനാട്ടില്‍ ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാര്‍ഗമായിരുന്ന പാലവും റോഡുമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്. ഇതോടെ, ദുരന്തത്തില്‍ പരിക്കേറ്റവരെയും കുടുങ്ങികിടക്കുന്നവരെയും മുണ്ടക്കൈയില്‍ നിന്ന് എത്തിക്കാനാവാത്ത സ്ഥിതിയായി.ഇതേതുടര്‍ന്ന് സൈന്യം നിര്‍മിച്ച വീതി കുറഞ്ഞ താല്‍കാലിക പാലം വഴി പരിക്കേറ്റവരെയും റോപ്പ് വഴി മൃതദേഹങ്ങളും എത്തിക്കാന്‍ ശ്രമം തുടങ്ങി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബെയ്‌ലി പാലം നിര്‍മിക്കാന്‍ സൈന്യം തീരുമാനിച്ചത്.