ബാലറ്റിലെ കൃത്രിമം: എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളിൽ നിരന്തരം ഗുണ്ടായിസം കൊണ്ടും ബാലറ്റിൽ കൃത്രിമം നടത്തിയും വിജയം നേടുന്ന എസ്എഫ്ഐക്ക് ലഭിച്ച കനത്ത പ്രഹരമാണ് കേരള വർമ്മ കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ പുനഃപരിശോധനാ ഉത്തരവിട്ട കേരള ഹൈക്കോടതി വിധിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
കേരളവർമ്മ കോളേജിൽ കെ.എസ്.യു നേടിയ ആധികാരികമായ വിജയം അർദ്ധരാത്രിയിലെ റീ കൗണ്ടിംഗ് വഴി എസ് എഫ് ഐ അട്ടിമറിച്ചു എന്ന ആരോപണം ശരിവെച്ച കോടതി വിധി ക്യാമ്പസ് ജനാധിപത്യത്തിലെ എസ് എഫ് ഐയുടെ കടന്നുകയറ്റവും അട്ടിമറിയും തുറന്നുകാട്ടുന്നു. രാഷ്ട്രീയ വൈരം ബാധിച്ച എസ്എഫ്ഐ ക്യാമ്പസുകളിൽ നിന്ന് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് യുവ തലമുറ പൊറുക്കില്ല. ക്യാമ്പസുകളിൽ യുവതലമുറ മാറിച്ചിന്തിക്കുന്നത് കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐയുടെ കോട്ടകൾ തകർത്തുകൊണ്ടാണെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.