പക്ഷിപ്പനിയെ തുടർന്ന് കോട്ടയത്ത് നാല് പഞ്ചായത്തുകളില്‍ കോഴി, താറാവ് വില്‍പ്പനയ്ക്ക് വിലക്ക്
കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡില്‍ പക്ഷിപ്പനി സ്ഥിതികരിച്ചു. തുടർന്ന് സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കുമരകം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളർത്തു പക്ഷികള്‍ എന്നിവയുടെ വില്‍പനയ്ക്ക് വിലക്ക്. അതെസമയം പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂണ്‍ 12 വരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മുൻകരുതലുകള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. പോലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകളും നടത്തും.
മുഹമ്മ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപതിൽ കഴിഞ്ഞദിവസം താറാവുകളടക്കം കൂട്ടത്തോടെ ചത്തു. ഇതേതുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ അയച്ച സാമ്പിളുകൾ പരിശോധനഫലം പോസീറ്റിവ് ആയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി റാപ്പിഡ് റെസ്പോൺസ് ടീം എത്തി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 5079 വളർത്തു പക്ഷികളെ (മുഹമ്മ-4954,മണ്ണഞ്ചേരി-1251) കൊന്നൊടുക്കി. ചമ്പക്കുളത്തും തഴക്കരയിലുമാണ് അവസാനം രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് 60, 000 ഓളം വളർത്ത് പക്ഷികളെ കൊന്നൊടുക്കിയിരുന്നു.