പുതുവർഷത്തിൽ നേന്ത്രക്കായയും കർഷകരെ കൈവിടുന്നു: വിലത്തകർച്ച തിരിച്ചടി
പുതുവർഷം പിറന്നിട്ടും നേന്ത്രക്കായയുടെ വില കിലോഗ്രാമിന് 15-20 രൂപയിലേക്ക് താഴ്ന്നതോടെ കർഷകരും സംഭരിക്കുന്ന കർഷകരും ദുരിതത്തിലായിരിക്കുന്നു. വയനാട്ടിലെ കർഷകരിൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിൽ ഇനിയൊരു കൃഷിയിറക്കാനില്ലെന്നു തീരുമാനിച്ചവരുമുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും ഉത്പ്പാദനം കൂടിയതിനാലാണത്രേ വിലയിടിവുണ്ടായത്. എന്തായാലും 15 രൂപയ്ക്ക് വിൽക്കുന്നതും നേന്ത്രക്കായ വെറുതെ കൊടുക്കുന്നതും ഒരു പോലെയാണെന്നാണ് കർഷകർ പറയുന്നത്.ഇതിൽ തന്നെ ഒന്നാം തരത്തിനാണ് ഈ വിലയെങ്കിലും കിട്ടുന്നത്.രണ്ടാം തരത്തിനും മൂന്നാം തരത്തിനുമൊക്കെ ശരാശരി ഒൻപതു രൂപയും നാലു രൂപയുമൊക്കെയാണ് ലഭിക്കുന്നത്. സാധാരണ വയനാട്ടിൽ നിന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് നേന്ത്രക്കുലകൾ പ്രധാനമായും കയറിപോകാറുള്ളത്. ഇതു കുറഞ്ഞതോടെ കുലകൾ വയനാട്ടിൽ തന്നെ വിറ്റഴിക്കേണ്ട സ്ഥിതിയാണ്.
കിലോഗ്രാമിന് 25 രൂപയെങ്കിലും ലദിച്ചാലേ എന്തെങ്കിലും അൽപം ഗുണമുണ്ടാകുകയുള്ളു എന്നാണ് കർഷകരുടെ കണക്ക്.കഴിഞ്ഞവർഷം 24-30 രൂപ ലഭിച്ചിരുന്നു. മരുന്ന്, വളം, പണിക്കൂലി എന്നീ ഇനങ്ങളിലുള്ള ചിലവ് കൂടാതെ വന്യമൃഗശല്യവും നഷ്ടം വരുത്തിവെയ്ക്കുന്നു. ഇതിനു മുൻപ് കോവിഡിൻ്റെ തുടക്കത്തിൽ വില തകർന്നിരുന്നെങ്കിലും പിന്നീട് ഉയർന്നിരുന്നു. വീണ്ടുമൊരു വിള കൂടി നഷ്ടക്കണക്കുകൾ പറയുമ്പോൾ കൃഷിയിൽ നിന്നു തന്നെ പിൻ വാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ.