ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തിയിരുന്നു. ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചു കയറിയതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്നാണ് ഹസീന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയത്. ഹസീനയുടെ സഹോദരിയും ഒപ്പമുണ്ടെന്നാണ് സൂചന. ധാക്ക വിടുന്നതിനു മുമ്പ് പ്രസംഗം റെക്കോഡ് ചെയ്യാന്‍ ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
രാജ്യത്ത് സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ സൈന്യം പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ടു. 45 മിനിറ്റിനകം രാജിവെക്കണമെന്നാണ് സൈന്യം ഹസീനക്ക് നല്‍കിയ അന്ത്യശാസനം.
തലസ്ഥാനമായ ധാക്കയിലൂടെ പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നതിനാല്‍ ശൈഖ് ഹസീന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് സൈനിക ജനറല്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെച്ചു.
ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും വിദ്യാര്‍ഥി പ്രതിഷേധകരും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്ക് ബംഗ്ലാദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചിരുന്നു. അക്രമങ്ങളില്‍ 200ലധികം ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. വര്‍ധിച്ചുവരുന്ന അക്രമം തടയല്‍ ലക്ഷ്യമിട്ട് ചര്‍ച്ചക്കുള്ള ഹസീനയുടെ ക്ഷണം പ്രതിഷേധക്കാര്‍ നിരാകരിക്കുകയും സര്‍ക്കാറിന്റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളും പ്രഫഷനലുകളും ധാക്കയിലെ ഷാബാഗില്‍ തടിച്ചുകൂടിയോടെ എല്ലാ ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.
പ്രധാനമന്ത്രിയുടെ രാജിയും സംവരണ പരിഷ്‌കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി യും ആവശ്യപ്പെട്ട് 'വിവേചന വിരുദ്ധ വിദ്യാഥി പ്രസ്ഥാന'ത്തിന്റെ ബാനറില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
ബംഗബന്ധു ശൈഖ് മുജീബ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ നിരവധി വാഹനങ്ങള്‍ അജ്ഞാതര്‍ കത്തിച്ചതായി ഡെയ്ലി സ്റ്റാര്‍ ദിനപത്രം പുറത്തുവിട്ടു. വടികളുമായെത്തിയവര്‍ ആശുപത്രി വളപ്പിലെ സ്വകാര്യ കാറുകള്‍, ആംബുലന്‍സുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ബസുകള്‍ എന്നിവ നശിപ്പിച്ചതായും ഇത് രോഗികളെയും ആശുപത്രി ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തിയതായും പത്രം പറഞ്ഞു ഏറ്റവും പുതിയ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ധാക്കയിലെ സയന്‍സ് ലബോറട്ടറി, ധന്‍മോണ്ടി, മുഹമ്മദ്പൂര്‍, ടെക്‌നിക്കല്‍, മിര്‍പൂര്‍10, രാംപുര, തേജ്ഗാവ്, ഫാംഗേറ്റ്, പന്താപത്ത്, ജത്രബാരി, ഉത്തര എന്നിവിടങ്ങളില്‍ തുടര്‍ന്നും പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തുമെന്ന് പ്രതിഷേധക്കാരുടെ കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍, മദ്രസകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളോടും തൊഴിലാളികള്‍, പ്രൊഫഷനലുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ എന്നിവരോടും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കോര്‍ഡിനേറ്റര്‍മാര്‍ ആഹ്വാനം ചെയ്തതായാണ് വിവരം.