ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു
ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞക്കും നാലു ദിവസത്തെ സന്ദർശനത്തിനുമായി ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു . സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.
ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിൻ്റെ സ്ഥാപക നേതാവുമായ ഷെയ്ഖ് മുജിബുര്‍ റഹ്മാന് ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ് ഷെയ്ഖ് ഹസീനയും നെഹ്റു കുടുംബവും തമ്മിൽ ഇപ്പോഴും നിലനിൽക്കുന്നത്. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ദിരാ ഗാന്ധിയുടെ നിർണായക ഇടപെടലിനെ തുടർന്നാണ് പാകിസ്ഥാന്റെ ഭാഗമായിരുന്ന കിഴക്കൻ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിച്ചത്..