ബംഗ്ലാദേശിലെ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി അറസ്റ്റിൽ
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ദാസ് ബ്രഹ്മചാരിയെ ധാക്ക പൊലീസ് അറസ്റ്റുചെയ്‌ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് ഇസ്കോൺ വക്താവ് രാധാരാമൻ ദാസ് പറഞ്ഞു. ധാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെ രംഗ്പൂർ നഗരത്തിൽ ഹിന്ദു സമൂഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ്. ഷെയ്ഖ് ഹസീന പലായത്തിന് ശേഷം അശാന്തി രൂക്ഷമായതോടെ ഹിന്ദു വ്യാപാര സ്ഥാപനങ്ങളും വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ ബംഗ്ലാദേശ് അധികൃതർ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും ബ്രഹ്മചാരിയെ ധാക്ക വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരെ രംഗത്തെത്തിയതിന് ഈ മാസം ആദ്യം അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.