Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'അറബിക്കടലിന്റെ റാണിയായ മനോഹരിയായ കൊച്ചി; എന്താണ് ഈ നാടിനു സംഭവിക്കുന്നത്'?

11:18 AM May 29, 2024 IST | Online Desk
Advertisement

തോരാതെ പെയ്ത മഴ കൊച്ചിയുടെ ഹൃദയഭാഗമാകെ വെള്ളത്തിലാക്കിയിരുന്നു. സഞ്ചാരവും ഗതാഗതവും തടസ്സപ്പെടുത്തികൊണ്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. കൊച്ചിയിലെ ജീവിതം വെള്ളക്കെട്ടിലൂടെ കടന്നു പോകുമ്പോൾ കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകളിലൂടെയും വരാനിരിക്കുന്ന ഭാവിയുടെ ഭയവും പങ്കു വെച്ചുകൊണ്ടുള്ള തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ഹൃദയസ്പർശിയാണ്.

Advertisement

വേനൽ പ്രതിസന്ധിയുടെ വരണ്ട ഭൂമിയിൽ നിന്നും മഴയ്ക്കായ് കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ആയിരുന്നുവെന്നും എന്നാൽ മഴ എത്തിയതോടെ സന്തോഷ ദിവസങ്ങൾക്കിപ്പുറം ആശങ്കയുടെ കാർമേഘങ്ങളായി മാറുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നുമാണ് ഉമ തോമസ് പറയുന്നത്. പ്രകൃതിയോട് ചെയ്ത ക്രൂരഭാവങ്ങളെ ഉൾകൊണ്ട് അവ തിരികെ പ്രഹരമേൽപ്പിക്കുമ്പോൾ ഭരണ നേതൃത്വവും, പൊതു സമൂഹവും കൂടുതൽ ചർച്ച ചെയ്യേണ്ടതും നടപടി സ്വീകരിക്കേണ്ടതും കാലാവസ്ഥയിൽ ഉണ്ടാകുന്ന വലിയ വ്യതിയാനത്തെ കുറിച്ചല്ലേ എന്നാണ് ഉമ തോമസ് ചോദിക്കുന്നത്.

അതോടൊപ്പം പെയ്തിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ നഗരം പുഴയാകുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അടുത്ത നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്ന ഉറപ്പും ഉമ തോമസ് നൽകുന്നു. 'ഈ വിഷയവുമായി ബന്ധപെട്ടു ശാശ്വതമായ ഒരു പരിഹാരമുണ്ടാവാൻ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു എന്നും പറയുന്നു.' എന്ന്, ഈ നാട്ടിലെ മണ്ണിനെയും, മനുഷ്യരെയും, പ്രകൃതിയെയും ഒരുപാട് സ്നേഹിച്ച ഒരു മനുഷ്യന്റെ ജീവിക്കുന്ന നല്ല പാതി എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉമ തോമസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം;

അറബിക്കടലിന്റെ റാണിയായ മനോഹരിയായ കൊച്ചി. പടിഞ്ഞാറു അറബിക്കടലും; കിഴക്ക്‌ പെരിയാറും, പിന്നെ നെടുകെയും കുറുകേയുമായി മനോഹരമായി ഒഴുകുന്ന നദികളും ഇതാണ് കൊച്ചിയെ സുന്ദരിയാക്കുന്നത്. ചരിത്രമുറങ്ങുന്ന ഈ മണ്ണ് നമുക്ക് നഷ്ടപ്പെടുമോ എന്ന് ഒരു ഉൾകിടലം; നമ്മൾ പോലും അറിയാതെ ചില ചിന്തകൾ മനസ്സിലേക്ക് വരുന്നു കണ്മുന്നിലെ ഈ കാഴ്ചകൾ കാണുമ്പോൾ.

മാർച്ചും, ഏപ്രിലും, മെയ് പകുതി വരെയും ചൂട് കൊണ്ട്‌ നമ്മൾ പൊള്ളി. അന്തരീക്ഷത്തിലെ ഈർപ്പം 93% മുതൽ 98% വരെ ഉയർന്നു. പുറത്തുള്ള യാത്രയും, ജോലിയും ദുഷ്കരമായി. രാത്രിയിൽ ഫാനിട്ടാൽ പോലും വിയർത്തൊലിക്കുന്ന അവസ്ഥ, നമ്മുടെ ഉറക്കം പോലും നഷ്ടപെട്ട ദിവസങ്ങൾ.

ഒരു വേനൽ മഴയ്ക്കായി വേഴാമ്പലിനെ പോലെ നമ്മുടെ മനസ്സ് കൊതിച്ചു. മെയ് പകുതിയോടു കൂടി ഉണങ്ങി വരണ്ട് കീറിയ മണ്ണിനെ നനയിച്ചു കൊണ്ട്‌; മനസ്സിലേക്ക് ആശ്വാസ കുളിരായി മഴയെത്തി. മഴ കണ്ട മനസ്സിന്റെ വേഴാമ്പൽ സന്തോഷത്താൽ ചിറകടിച്ചു. പക്ഷേ ആ സന്തോഷം ദിവസങ്ങൾക്കിപ്പുറം ആശങ്കയുടെ കാർമേഘങ്ങളായി നമ്മുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കൊച്ചിയിലെ ദൃശ്യങ്ങൾ.

ആകാശത്തു നിന്നും തുള്ളിക്കൊരു കുടം പോലെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ മഴ വെള്ളം ഒഴുകിപ്പോവാൻ ദിക്കറിയാത്തതു പോലെ റോഡുകളും കാനകളിലും നിറഞ്ഞു കവിഞ്ഞു കൊച്ചി മുഴുവനും ഒരു പുഴയാകുന്ന കാഴ്ച്ചയായിരുന്നു എവിടെയും. എന്താണ് ഈ നാടിനു സംഭവിക്കുന്നത് ? എന്ന വേദനയോടെയാണ് ഒരു കൊച്ചിക്കാരിയായ ഞാൻ ഇത് പങ്കു വയ്ക്കുന്നത്.

ഒരു പക്ഷേ ഭരണ നേതൃത്വവും, പൊതു സമൂഹവും ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടതും നടപടി സ്വീകരിക്കേണ്ടതും കാലാവസ്ഥയിൽ ഉണ്ടാകുന്ന വലിയ വ്യതിയാനത്തെ കുറിച്ചല്ലേ എന്ന് തോന്നുകയാണ്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രത്തിലെ ജല നിരപ്പ് കഴിഞ്ഞ 30 വർഷത്തിനിടയിൽ 10.3 സെന്റിമീറ്റർ ഉയർന്നു എന്ന് പഠനങ്ങൾ പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടയ്ക്കു വേനൽ കാലത്ത് അന്തരീക്ഷ ഊഷ്മാവ് 3 മുതൽ 5 % വരെ വർദ്ധിച്ചു. ഓരോ വർഷം ചെല്ലുന്തോറും ലഭിക്കുന്ന മഴയുടെ അളവും കൂടുന്നു. പത്തു വർഷത്തിനിടയിൽ രണ്ട്‌ പ്രളയങ്ങൾ നമ്മൾ കണ്ടു, അതിലൊന്ന് മനുഷ്യ നിർമ്മതമാണെങ്കിൽ കൂടിയും നമ്മളെ ഇതെല്ലം ആശങ്കയിലാഴ്ത്തി.

വെറും രണ്ട്‌ ദിവസങ്ങൾ കൊണ്ട്‌ പെയ്ത വേനൽ മഴയുടെ അനന്തര ഫലം ഇതാണെങ്കിൽ; കാലവർഷം ഇങ്ങെത്തിയാൽ അത് കാലാവസ്ഥ നിരീക്ഷകർ പറയുംപോലെ ശക്തിപ്പെട്ടാൽ എന്ത് സംഭവിക്കും എന്ന് പറയാൻ പോലും വയ്യ.

മഴവെള്ളം ഒഴുകി പോവേണ്ട തോടുകൾ ഒക്കെ ഇന്ന് നഗരത്തിൽ ഇല്ലാതായി. കുളങ്ങളും, കിണറുകളും ഒക്കെ അപ്രത്യക്ഷമായി. വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്തും, ടൈലും, കല്ലുമൊക്കെ പാകി മഴ വെള്ളം ഭൂമിയിൽ ഇറങ്ങാതായി, സ്ഥല പരിമിതി ഉള്ളവരുടെ കാര്യം മനസ്സിലാക്കാം എന്നാൽ ഭൂമി ഉള്ളവർ പോലും ഒട്ടും വ്യത്യസ്തരല്ല ഇക്കാര്യത്തിൽ. നിലങ്ങളും, പാടങ്ങളിൽ അധികവും നമ്മൾ നികർത്തിയെടുത്തു.

പുഴകളിൽ എക്കൽ നിറഞ്ഞു, പുഴ കരയാകുന്ന കാഴ്ചയല്ലേ കൊച്ചിയിൽ. ഉഴുകിയെത്തുന്ന മഴ വെള്ളത്തിൽ പകുതി പോലും പുഴയിൽ ഉൾ കൊള്ളാത്ത സ്ഥിതി. മുൻപ് സൂചിപ്പിച്ചതു പോലെ സമുദ്ര നിരപ്പ് ഉയരുകയും ചെയുന്നു. ഇതാണ് ഇന്ന് ഈ നാടിന്റെ നേർ കാഴ്ച. ഒപ്പം മഴക്കാല പൂർവ്വ ശുജീകരണത്തിനു നഗര ഭരണകർത്താക്കൾ വരുത്തുന്ന നിസ്സംഗത കൂടി ആവുമ്പോൾ ആഘാതം ഇരട്ടിയാവുന്നു.

കൊച്ചിയുടെ ഇന്നത്തെ ഈ അവസ്ഥയിൽ പെയ്തിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ നഗരം പുഴയാകുന്ന കാഴ്ച്ചയാണ് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടത്. വരും ദിവസങ്ങളിൽ കാല വർഷം ശക്തിപെടുമ്പോൾ കാഴ്ച്ചകൾ വ്യത്യസ്തമാവാൻ സാധ്യതയില്ല. ഈ വിഷയം ഏറെ ഗൗരവത്തോടെ അടുത്ത നിയമസഭയിൽ ഉന്നയിക്കും എന്ന് കൊച്ചിക്കാർക്ക് ഞാൻ ഉറപ്പു തരുകയാണ്‌.

ഒപ്പം കൊച്ചിയിലെ പൊതു സമൂഹവും ഏറെ ജാഗ്രതയോടെ ഈ വിഷയം ഏറ്റെടുക്കണം, ചർച്ച ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ ഒരുപക്ഷെ നമ്മുടെ അഭിമാനമായ, സുന്ദരിയായ നമ്മുടെ കൊച്ചി നമുക്ക് നഷ്ടപ്പെട്ടേക്കാം എന്ന ചിന്ത എന്നെ വേദനിപ്പിക്കുന്നു.

മുരുകൻ കാട്ടാക്കട എഴുതിയ പോലെ;
" പെരിയ ഡാമുകൾ രമ്യ ഹർമ്യം
അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണിൽ വേണ്ട
ന്നൊരു മനസ്സായി ചൊല്ലിടാം
വികസനം അത് മർത്യ മനസ്സിൽ
നിന്നു തന്നെ തുടങ്ങീടാം
വികസനം അത് നന്മ പൂക്കും
ലോക സൃഷ്ടിക്കായിടാം "

'ഈ വിഷയവുമായി ബന്ധപെട്ടു ശാശ്വതമായ ഒരു പരിഹാരമുണ്ടാവാൻ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു.'

എന്ന്,
ഈ നാട്ടിലെ മണ്ണിനെയും, മനുഷ്യരെയും, പ്രകൃതിയെയും ഒരുപാട് സ്നേഹിച്ച ഒരു മനുഷ്യന്റെ ജീവിക്കുന്ന നല്ല പാതി;

നിങ്ങളുടെ സ്വന്തം
ഉമ തോമസ്

Tags :
featuredkeralanews
Advertisement
Next Article